LiveTV

Live

Kerala

വായിക്കാം..വായിച്ചു വളരാം അഭിനുവിന്റെ ഹോം ലൈബ്രറിയിലൂടെ

വായിക്കാം..വായിച്ചു വളരാം അഭിനുവിന്റെ ഹോം ലൈബ്രറിയിലൂടെ
Summary
വയനാട് ദ്വാരകയിലെ കെ.എ അഭിനുവിന്റെ വാടകവീട്ടില്‍ ഒരുക്കിയ ഹോം ലൈബ്രറിയില്‍ രണ്ടായിരത്തോളം പുസ്തകങ്ങളുണ്ട്

പുതുതലമുറ വായിക്കുന്നില്ലെന്ന വിലാപങ്ങള്‍ക്കുള്ള മറുപടിയുമായി പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഹോം ലൈബ്രറി. വയനാട് ദ്വാരകയിലെ കെ.എ അഭിനുവിന്റെ വാടകവീട്ടില്‍ ഒരുക്കിയ ഹോം ലൈബ്രറിയില്‍ രണ്ടായിരത്തോളം പുസ്തകങ്ങളുണ്ട്. ലൈബ്രറിയോടനുബന്ധിച്ച് വായനാചര്‍ച്ചകളും ഇവിടെ നടക്കുന്നു.

വായന ഇഷ്ടപ്പെടുന്ന ആര്‍ക്കും അഭിനുവിന്റെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുക്കാം. ബാലസാഹിത്യകൃതികള്‍ മുതല്‍ ലോക ക്ലാസിക്കുകള്‍ വരെ നീളുന്നു ലൈബ്രറിയിലെ പുസ്തകശേഖരം. സന്ദര്‍ശകരിലധികവും കുട്ടികളാണെങ്കിലും പുസ്തകങ്ങള്‍ തിരഞ്ഞെത്തുന്ന മുതിര്‍ന്നവരും കുറവല്ല. നാഷണല്‍ സര്‍വീസ് സ്കീമിന്റെ പദ്ധതി പ്രകാരമാണ് അഗ്നിച്ചിറകുകള്‍ എന്ന പേരില്‍ ലൈബ്രറി തുടങ്ങിയത്. ഒരുവര്‍ഷം പിന്നിട്ട ഹോം ലൈബ്രറി പാതിയില്‍ ഒടുങ്ങാത്തതിന് കാരണം അഭിനുവിന്റെ നിശ്ചയ ദാര്‍ഢ്യം ഒന്നുമാത്രം.

ഹോം ലൈബ്രറിയിലെ വായനക്കൂട്ടം പുസ്തക ചര്‍ച്ചകളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. വീടുകള്‍ കയറിയിറങ്ങിയും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സഹായം സ്വീകരിച്ചുമാണ് വിപുലമായ പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്. അഭിനുവിന് പലരില്‍ നിന്നും സമ്മാനമായി ലഭിച്ച പുസ്തകങ്ങളും ലൈബ്രറിയില്‍ ഉള്‍പ്പെടുത്തി. വാടകവീട്ടില്‍ കഴിയുന്ന അഭിനുവിനും കുടുംബത്തിനും മാധ്യമം പത്രത്തിന്റെ അക്ഷരവീട് പദ്ധതിയില്‍ സ്വന്തമായി ഒരുവീടൊരുങ്ങുന്നുണ്ട്. പുതിയ വീട്ടില്‍ വിപുലമായൊരു ലൈബ്രറിയും അഭിനുവിന്റെ സ്വപ്നമാണ്.