LiveTV

Live

Kerala

നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് ആധാരങ്ങളില്‍ ക്രമക്കേട്

നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് ആധാരങ്ങളില്‍ ക്രമക്കേട്
Summary
പതിനഞ്ച് ആധാരങ്ങള്‍ സാങ്കല്‍പ്പിക വ്യക്തികളുടെ പേരില്‍

നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിലെ 70.44 ഏക്കര്‍ ഭൂമിയുടെ ആധാരങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്. സ്ഥലത്തിന്റെ ഉടമകളായി കാണിച്ചിരിക്കുന്ന 15 പേര്‍ സാങ്കല്‍പ്പിക ആളുകളാണന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തു.

കെ ബി ഗണേശ് കുമാർ വനം മന്ത്രിയായിരിക്കെ ഏറ്റെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് വൻ രാഷ്ട്രീയ വിവാദം ഉയർന്ന ചെറുനെല്ലി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശമാണ് വിജിലൻസും ചോദ്യം ചെയ്യുന്നത്.എസ്റ്റേറ്റ് വനഭൂമിയാണെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാദം നിലനിൽക്കുന്നതിനിടെയാണ് ആധാരങ്ങളിലും കൃത്രിമം നടന്നെന്ന് വിജിലൻസ് കണ്ടെത്തിയത്. ചെറുനെല്ലി എസ്റ്റേറ്റിലെ 282 ഏക്കറില്‍ ഒരു ഭാഗമായ 70.44 ഏക്കര്‍ ഭൂമി രജിസ്ട്രര്‍ ചെയ്തത് യഥാര്‍ഥ വ്യക്തികളുടെ പേരിലല്ലന്നാണ് വ്യക്തമായത്. നെന്മാറ സബ്‍ രജിസ്ട്രാർ ഓഫീസിലെ 640/78, 647/78, 650/78 തുടങ്ങി 15 ആധാരങ്ങളാണ് വ്യാജം. മീനിച്ചില്‍ താലൂക്കിലുള്ള എബ്രഹാം എന്നയാളുടെ പവര്‍ ഓഫ് അറ്റോണിയില്‍ രജിസ്ട്രര്‍ ചെയ്ത ആധാരവും വ്യാജമാണന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി കെ ആര്‍ വേണുഗോപാലന്‍ ഡിഐജിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെകൊണ്ട് രജിസ്ട്രേഷന്‍ വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ശുപാര്‍ശ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-ന് കൈമാറി. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങളിൽ വഴിത്തിരിവാകുന്ന റിപ്പോർട്ടാണ് വിജിലന്‍സിന്റേത്.