LiveTV

Live

Kerala

സംസ്ഥാനത്ത് നീര ഉല്‍പ്പാദന വ്യവസായം വന്‍ പ്രതിസന്ധിയില്‍

സംസ്ഥാനത്ത് നീര ഉല്‍പ്പാദന വ്യവസായം വന്‍  പ്രതിസന്ധിയില്‍
Summary
ഭൂരിഭാഗം നീര ഉല്പാദന യൂണിറ്റുകളും നീര പാര്‍ലറുകളും പൂട്ടലിന്റെ വക്കില്‍

കേരകര്‍ഷകര്‍ക്കും ചെത്ത് തൊഴിലാളികള്‍ക്കും വലിയ ആശ്വാസമായി കേരളത്തില്‍ രൂപം കൊണ്ട നീര ഉല്പാദന വ്യവസായം വന്‍ പ്രതിസന്ധിയില്‍. സംസ്ഥാനത്തെ വലിയൊരു ശതമാനം നീര ഉല്പാദന യൂണിറ്റുകളും നീര പാര്‍ലറുകളും പൂട്ടലിന്റെ വക്കിലാണ്. നീര ഉല്പാദനത്തിന്റെ സാധ്യത മനസ്സിലാക്കി ഉല്പാദനത്തില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാക്കി കേരളത്തിലെ വിപണി പിടിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുമ്പോഴാണ് ഇവിടെ നീര ഉല്പാദന വ്യവസായം തകര്‍ച്ചയിലെത്തി നില്‍ക്കുന്നത്.

56 ചെത്ത് തൊഴിലാളികള്‍ നീര സംഭരിച്ചിരുന്ന കരപ്പുറം നാളികേര ഉല്പാദക കമ്പനി ലിമിറ്റഡിന്റെ നീര ഉല്പാദക യൂണിറ്റിന് വേണ്ടി ഇപ്പോള്‍ നീര ശേഖരിക്കുന്നത് 6 തൊഴിലാളികള്‍ മാത്രമാണ്. തൊഴിലാളികളും കര്‍ഷകരും ഓഹരിയെടുത്ത് ആരംഭിച്ച കരപ്പുറം നീരയുടെ മാത്രമല്ല, എല്ലാ നീര ഉല്പാദന സംരഭങ്ങളുടെയും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെയാണ്.

നീര ഉല്പാദനം ആരംഭിച്ച ശേഷം കാലാനുസൃതമായി സാങ്കേതിക വിദ്യ പരിഷ്കരിക്കാനും വിപണി കണ്ടെത്തി വിറ്റഴിക്കാനും സര്‍ക്കാര്‍ സഹായവും ഉപദേശവുമൊന്നും നല്‍കാത്തതാണ് സംരഭങ്ങളെ നഷ്ടത്തിലാക്കിയത്. കെട്ടിക്കിടക്കുന്ന നീരയില്‍ നിന്ന് ചക്കരയും പഞ്ചസാരയും തേനും ചോക്ലേറ്റും വിനാഗിരിയുമെല്ലാം ഉല്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ വിലക്കൂടുതലുള്ള ഈ വസ്തുക്കള്‍ക്ക് വിദേശ രാജ്യങ്ങളിലുള്ള ആവശ്യകതയും വിപണിയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാലേ വിറ്റഴിക്കാനാവൂ. വിനാഗിരി വില്ക്കണമെങ്കില്‍ നിലവിലുള്ള ലൈസന്‍സിംഗ് നിയമത്തിലും മാറ്റം വരുത്തണം. ഉല്പാദിപ്പിക്കുന്ന നീര തമിഴ്നാട്ടിലേക്ക് കയറ്റി അയച്ച് ടെട്രാ പാക്കിലാക്കി കൊണ്ടു വന്ന് വില്‍ക്കുന്ന പാലക്കാട് ജില്ലയിലെ കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. നീരയുടെ സാദ്ധ്യത മനസ്സിലാക്കിയ തമിഴ്നാടും ആന്ധ്രാ പ്രദേശുമെല്ലാം കേരളത്തിനടുത്ത് ഫാക്ടറി സ്ഥാപിച്ച് ഇവിടെ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ച് കേരള വിപണി കയ്യിലൊതുക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി വരികയാണ്.