LiveTV

Live

Kerala

വിദ്യാര്‍ഥികളെ പോലീസ് സെല്ലിലിട്ട് മര്‍ദ്ദിച്ചതായി പരാതി

 വിദ്യാര്‍ഥികളെ പോലീസ് സെല്ലിലിട്ട് മര്‍ദ്ദിച്ചതായി പരാതി
Summary
വാഴക്കാട് സേറ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം മര്‍ദ്ദിച്ചതായി കാണിച്ച് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിനു..


പത്താം ക്ലാസ് വിദ്യാര്‍ഥികളെ പോലീസ് സെല്ലിലിട്ട് മര്‍ദ്ദിച്ചതായി പരാതി. കക്കോവ് പിഎം പിടിഎച്ച്എസ്എസ് വിദ്യാര്‍ഥികളായ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളിലെ അധ്യാപകന്റെ കാറിന്റെ ചില്ല് തകര്‍ത്തതായുള്ള പരാതിയുടെ പേരില്‍ വാഴക്കാട് സേറ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം മര്‍ദ്ദിച്ചതായി കാണിച്ച് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിനു പരാതി നല്‍കി. ആരോപണങ്ങള്‍ നിഷേധിച്ച് പോലീസും രംഗത്ത് എത്തി.

പരീക്ഷ കഴിഞ്ഞ് സ്കൂളിലെ സെന്‍ഡ് ഓഫ് ദിവസം വിദ്യാര്‍ഥികള്‍ അധ്യാപകന്റെ കാറിന്റെ ചില്ല് തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തതായി വാഴക്കാട് പോലീസിന് കക്കോവ് പിഎംപിടിഎച്ച്എസ്എസ് അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഷെമീര്‍,പി ഷെമീര്‍ അലി,അഫ്ജാസ്, ഇസ്ഹാഖ് എന്നിവരെ വാഴക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചതായാണ് പരാതി.

ഇതില്‍ ഇസ്ഹാഖ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് മൂന്നു പേര്‍ ഫറോഖിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. അധ്യാപകന്റെ കാറിന്റെ ചില്ല് തകര്‍ത്തത് മറ്റ് ചില വിദ്യര്‍ഥികളാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് വാഴക്കാട് പോലീസിന്റെ വിശദീകരണം. പരാതിക്കാരായ വിദ്യാര്‍ഥികള്‍ സ്ഥിരം പ്രശ്നക്കാരാണെന്നുമാണ് പോലീസ് ഭാഷ്യം.