LiveTV

Live

Kerala

മദ്യശാലകള്‍ മാറ്റാനുള്ള ശ്രമത്തിനിടെ പലയിടത്തും സംഘര്‍ഷം

മദ്യശാലകള്‍ മാറ്റാനുള്ള ശ്രമത്തിനിടെ പലയിടത്തും സംഘര്‍ഷം
Summary
ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ മാറ്റാനുള്ള നീക്കത്തിനു തിരിച്ചടിയായി ജനകീയ പ്രതിരോധം

ദേശീയപാതയോരത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ മാറ്റാനുള്ള നീക്കത്തിനു തിരിച്ചടിയായി ജനകീയ പ്രതിരോധം. മറ്റിടങ്ങളിലേയ്ക്ക് മദ്യശാലകള്‍ മാറ്റാനുള്ള ശ്രമം ജനങ്ങള്‍ വ്യാപകമായി തടഞ്ഞതു പലയിടത്തും സംഘര്‍ത്തിനിടയാക്കി.

കോട്ടയം ചങ്ങനാശേരി വട്ടപ്പള്ളിയിലേക്ക് ബീവറേജസിന്‍റെ മദ്യവില്പനശാല നീക്കാനുള്ള ശ്രമത്തിനെതിരെ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. സമരസമിതി പ്രവര്‍ത്തകര്‍, വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.

പാലക്കാട് കോട്ടമൈതാനത്തിനടുത്തുള്ള ബിവറേജസ് ഔട്ട്‍ലെറ്റ് ജില്ലാ ആശുപത്രിക്ക് സമീപത്തേക്ക് മാറ്റാനുള്ള നീക്കവും സമരക്കാര്‍ തടഞ്ഞു. ജില്ലാ ആശുപത്രിക്ക് സമീപത്തെ കെട്ടിടമുടമ കെട്ടിടം വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍റെ സാന്നിദ്ധ്യത്തില്‍ എഴുതി നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.

തിരുവനന്തപുരം പൂവാറിലെ ബാര്‍ വിരുദ്ധ പ്രക്ഷോഭത്തിലും ‍ സംഘര്‍ഷമുണ്ടായി.പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. മൂന്ന് വനിതകള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കഠിനംകുളം - പൂവര്‍ റോഡ് ഉപരോധിച്ചു.