ശശീന്ദ്രന്റെ രാജിയും പുതിയ മന്ത്രിയും: യെച്ചൂരി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തും
എ കെ ശശീന്ദ്രന്റെ രാജിയും പുതിയ മന്ത്രിസ്ഥാനവും സംബന്ധിച്ച് സിപിഎം ദേശീയനേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിക്കും. പാര്‍ട്ടി അവൈലബിള്‍ പി ബി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. എന്‍സിപി ദേശീയ നേതൃത്വവും വിഷയത്തില്‍ നാളെ ചര്‍ച്ച നടത്തും.
എകെ ശശീന്ദ്രന്റെ രാജിയുടെ പശ്ചാത്തലം, എന്‍സിപിക്ക് പുതിയ മന്ത്രിസ്ഥാനം എന്നീ കാര്യങ്ങളെക്കുറിച്ച് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തും. അടുത്ത ദിവസം ചേരുന്ന അവൈലബില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ചയാകും.
ഗോവയില്‍ ബിജെപിയെ പിന്തുണച്ച എന്‍സിപി നിലപാടില്‍ ഒരു വിഭാഗം ദേശീയ നേതാക്കള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം യോഗ ശേഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ കക്ഷികളുമായുള്ള ഭാവി സഹകരണസാധ്യതകള്‍ മുന്‍ നിര്‍ത്തി എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്കുന്നതില് ദേശീയ നേതൃത്വം എതിര്‍പ്പ് അറിയിക്കാതിരിക്കാനാണ് സാധ്യത. ഉചിതമായ തീരുമാനം സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്ന് അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന് മാസ്റ്റര്‍ മറ്റ് ദേശീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി തല അന്വേഷണം പൂര്‍ത്തിയായ ശേഷം പുതിയ മന്ത്രിയെ നിയോഗിച്ചാല്‍ മതിയെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. ഇക്കാര്യവും ദേശീയ നേതൃത്വം വിശദമായി ചര്‍ച്ച ചെയ്യും.