LiveTV

Live

Kerala

ശ്രുതിതരംഗം പദ്ധതി; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

ശ്രുതിതരംഗം പദ്ധതി; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍
Summary
നാല് വര്‍ഷത്തെ വാറന്‍റി പൂര്‍ത്തിയാവര്‍ക്ക് തുടര്‍ സഹായം ഉറപ്പാക്കാന്‍ ഇടപെടും. സര്‍ക്കാര്‍ വഴിയല്ലാതെ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് വേണ്ടി കന്പനികളുമായി ആശയവിനിമയം നടത്തി വരികയാണെന്നും..

ശ്രവണ ശേഷിയില്ലാത്തവര്‍ക്ക് വേണ്ടി നടപ്പാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ കാലാവധി കഴിയുന്നതില്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍. നാല് വര്‍ഷത്തെ വാറന്‍റി പൂര്‍ത്തിയാവര്‍ക്ക് തുടര്‍ സഹായം ഉറപ്പാക്കാന്‍ ഇടപെടും. സര്‍ക്കാര്‍ വഴിയല്ലാതെ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് വേണ്ടി കന്പനികളുമായി ആശയവിനിമയം നടത്തി വരികയാണെന്നും സാമൂഹ്യനീതി വകുപ്പ് മീഡിയവണിനെ അറിയിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി വഴി 640 കുട്ടികള്‍ക്ക് ആണ് കേള്‍വിശക്തി ലഭിച്ചത്. 2002ല്‍ ശസ്ത്രക്രിയക്ക് വിധേയരായവരില്‍ ഘടിപ്പിച്ച ഉപകരണങ്ങളുടെ കാലാവധി ഇപ്പോള്‍ കഴിഞ്ഞു. വന്‍തുക ആവശ്യമായി വരുന്ന ഉപകരണ മാറ്റത്തിനും മെയിന്‍റനന്‍സിനും സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.

സര്‍ക്കാരിന്‍റെ പദ്ധതി വഴിയല്ലാതെ ശസ്ത്രക്രിയ നടത്തിയവരാണ് സംസ്ഥാനത്ത് ഏറെയും. ഇതില്‍ ഒരുവിഭാഗം ഉപകരണങ്ങളുടെ നിര്‍മ്മാണവും മെയിന്‍റനന്‍സും നിര്‍ത്തലാക്കുന്നുവെന്ന് കന്പനി പ്രഖ്യാപിച്ചതോടെ സര്‍ജറിക്ക് വിധേയരായവര്‍ കുരുക്കിലായി. പുതിയ ഉപകരണം വാങ്ങാന്‍ അഞ്ച് ലക്ഷം രൂപയെങ്കിലും വേണം. എന്നാല്‍ ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരാഴ്ചക്കകം കന്പനിയുമായി ധാരണായാകുമെന്ന് സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ അഷീല്‍ പറഞ്ഞു.

നടപടിക്രമങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ ഒരുനിമിഷം പോലും വൈകരുത് എന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇനി ഒരിക്കല്‍ കൂടി കേള്‍വി നഷ്ടമായാല്‍ കുട്ടികളെ അത് മാനസികമായും ബാധിക്കാം.