യുപിയില്‍ ബിജെപിക്ക് വോട്ട് ചെയ്ത ദലിതുകളുടെ നിലപാട് തന്ത്രപരമെന്ന് ശരണ്‍കുമാര്‍ ലിംപാലെ
യു പി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ദലിതുകളുടെ നിലപാട് തന്ത്രപരമെന്ന് പ്രമുഖ ദലിത് സാഹിത്യകാരന് ശരണ്‍കുമാര്‍ ലിംപാലെ. ദലിതുകളെ ചൂഷണം ചെയ്തുവന്ന രാഷ്ട്രീയപാര്‍ട്ടികളെ തിരിച്ചുചൂഷണം ചെയ്യുകയാണ് പുതിയ കാലത്തെ തന്ത്രമെന്ന് ലിംപാലെ പറഞ്ഞു. ദലിത് വിദ്യാര്‍ഥികള്‍ ആത്മഹ്യക്ക് പകരം പൊരുതി നില്‍ക്കുകയാണ് വേണ്ടതെന്നും ലിംപാലെ മീഡിയവണിനോട് പറഞ്ഞു.
മതേതര കക്ഷികളുടെ വോട്ടുബാങ്കായിരുന്ന ദലിതുകള്‍ ഇനി തങ്ങളെ തീവ്രവാദികളാക്കുന്നവരോട് വിലപേശും. യു പി തുടക്കമാണ്. ഞങ്ങളുടെ സ്വപ്നങ്ങള്‍ നക്സലുകളാക്കപ്പെട്ടു, ജയിലിലായി. ഇനി അവരെ അതിന് വിട്ടുകൊടുത്തുകൂട. ശത്രുവിനെ തിരിച്ചറിഞ്ഞ് അവരുടെ അധികാരത്തെയും ശക്തിയെയും മനസ്സിലാക്കി നേരിട്ട് തന്ത്രപരമായി ഏറ്റുമുട്ടണം. സ്വയംപ്രതിരോധത്തിനാണ് സ്വത്വരാഷ്ട്രീയം. ദലിത്-ന്യൂനപക്ഷ സ്വത്വങ്ങള്‍ അവഗണിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബിജെപിയുടെ വളര്‍ച്ചക്ക് ഉത്തരം പറയണം. കമ്യൂണിസ്റ്റുകളുടേത് സവര്‍ണ ജാതിയാണ്. ആദിവാസികളെയും ദലിതരെയും ന്യൂനപക്ഷങ്ങളെയും അവര്‍ പരിഗണിച്ചില്ല. ഇടതുപക്ഷത്തിന്റെയും മതേതര കക്ഷികളുടെയും പരാജയമാണ് ബിജെപിയുടെ വളര്‍ച്ച. കാന്പസുകള്‍ ദലിതരെ ഇനിയും പീഡിപ്പിച്ചുകൊല്ലും. അതിനാല്‍ ആത്മഹത്യ ഒരു പോംവഴിയല്ല. യൂണിവേഴ്സിറ്റികള്‍ സ്വപ്നഭൂമിയല്ല, പീഡനങ്ങള്‍ പ്രതീക്ഷിക്കണം. അവയോട് പോരാടി നില്‍ക്കണം.ദലിത്-ന്യൂനപക്ഷ ഐക്യത്തിലൂടെയേ ഫാഷിസത്തെ തോല്പിക്കാനാവൂവെന്നും ലിംപാലെ പറഞ്ഞു.