മൂലമ്പിളളി സമരത്തിന് 9 വയസ്

മൂലമ്പിളളി കുടിയിറക്ക് സമരത്തിന് ഇന്ന് 9 വയസ്സ്. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ നടത്തിയ സമരം കേരളത്തിന്റെ സമരഭൂപടത്തില്‍ തന്നെ ശ്രദ്ധേയമായ ഇടം നേടി. എന്നാല്‍ പുനരധിവാസ പാക്കേജ് അടക്കം പ്രഖ്യാപനങ്ങള്‍ എല്ലാം പാതിവഴിയില്‍ തന്നെ ഇപ്പോഴും മുടങ്ങി കിടക്കുകയാണ്.
വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട് റോഡ് നിര്‍മാണത്തിനായി 2008 ഫെബ്രുവരി ആറിനാണ് 316 കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടത്. മൂലമ്പിള്ളി, ചേരാനല്ലൂര്‍, മുളവുകാട്, ഇടപ്പള്ളി, മഞ്ഞുമ്മല്‍, കോതാട്, ഏലൂര്‍, കളമശ്ശേരി, വടുതല എന്നിവടങ്ങളില്‍ നിന്നായിരുന്നു കുടിയിറക്കല്‍. യാതൊരു മാനദണ്ഡവും പാലിക്കാതെ വി എസ് സര്‍ക്കാര്‍ നടപ്പാക്കിയ കുടിയിറക്കലിനെതിരെ ശക്തമായ പ്രക്ഷോഭമാണ് മൂലമ്പിള്ളിയില്‍ നടന്നത്. മഹാശ്വേതാദേവിയടം സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങള്‍ക്കും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ എട്ട് വര്‍ഷം കഴിയുമ്പോഴും പാക്കേജ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. 40 കുടുംബങ്ങള്‍ക്ക് മാത്രമാണ് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.
വീട് നിര്‍മ്മിക്കുന്നത് വരെ വാടക നല്‍കാമെന്നായിരുന്ന പാക്കേജിന്റെ ഭാഗമായി വിഎസ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാറി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഇതും ഇല്ലാതായി. പുനരധിവാസ പാക്കേജിലെ അപാകതകളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി തങ്ങളോട് കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വീണ്ടും ഒരു സമരത്തിന് തയ്യാറെടുക്കുയാണ് മൂലമ്പിള്ളിക്കാര്‍.