LiveTV

Live

Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഭാഗികം

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഭാഗികം
Summary
ജീവനക്കാരുടെ സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി

ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഭാഗികം. കോണ്‍ഗ്രസ് സംഘടനായ ടിഡിഎഫും എഐടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് സമരത്തിലുള്ളത്. സിഐടിയുവിന്റെ കെഎസ്ആര്‍ടിഇഎ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അതേസമയം ജീവനക്കാരുടെ സമരം അനാവശ്യമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

ദീര്‍ഘദൂര സര്‍വീസുകളെ പണിമുടക്ക് സാരമായി ബാധിച്ചു. അതേസമയം മറ്റുസര്‍വീസുകള്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും സാധാരണഗതിയില്‍ പുരോഗമിക്കുകയാണ്. മാനന്തവാടിയില്‍ 10 ശതമാനം സര്‍വീസെ നടന്നുളളു. കൊല്ലം പത്താനാപുരത്ത് സമരാനുകൂലികള്‍ സര്‍വീസ് നടത്തിയ ബസുകള്‍ തടഞ്ഞതൊഴിച്ചാല്‍ മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പണിമുടക്ക് മധ്യമേഖലയില്‍ 80 ശതമാനം സര്‍വീസുകളെ ബാധിച്ചതായി സമരാനുകൂലികള്‍ പറയുന്നു.

എന്നാല്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ശമ്പളം ഏഴാം തിയതി തന്നെ വിതരണം ചെയ്യുമെന്ന് അറിയിച്ചതാണ്. ഇപ്പോഴത്തെ സമരം എന്തിനാണെന്ന് അറിയില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികള്‍ എല്ലാ ഡിപ്പോകളിലും പ്രതിഷേധ പ്രകടനവും നടത്തി. ചൊവ്വാഴ്ച നല്‍കേണ്ടിയിരുന്ന ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. യൂനിറ്റുകളില്‍ നിന്ന് ഹാജര്‍ നില ശേഖരിക്കുകയോ ശമ്പള ബില്‍ എഴുതുകയോ ചെയ്തിട്ടില്ല. ഇതോടുകൂടിയാണ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചത്. ടി ഡി എഫ് നേതാക്കള്‍ ഗതാഗത മന്ത്രിയുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെങ്കിലും ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാര്യത്തില്‍ ഉറപ്പുലഭിക്കാത്തതിനെത്തുടര്‍ന്ന് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നിന് ജീവനക്കാരുടെ കുടുംബാംഗങ്ങളെയും കൂട്ടി നിയമസഭയിലേക്കും മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകാനാണ് യൂണിയനുകളുടെ തീരുമാനം. ചൊവ്വാഴ്ചക്കുള്ളില്‍ ശമ്പളവും പെന്‍ഷനും നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

രണ്ടര മാസത്തെ പെന്‍ഷനും കുടിശ്ശികയാണ്. ശമ്പളത്തിനായി കെടിഡിഎഫ്സിയില്‍ നിന്ന് 50 കോടി രൂപ വായ്പ ഉറപ്പാക്കിയെങ്കിലും അത് മതിയാകില്ല. പെന്‍ഷന് സര്‍ക്കാര്‍ വിഹിതമായ 27 കോടി നല്‍കിയാലും കുടിശ്ശിക തീരില്ല. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്ടിയുഇ ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.