LiveTV

Live

Kerala

നഗര ജീവിതം തൊട്ടറിയാന്‍ ആദിവാസി വിദ്യാര്‍ഥികള്‍

നഗര ജീവിതം തൊട്ടറിയാന്‍ ആദിവാസി വിദ്യാര്‍ഥികള്‍
Summary
പുതിയ തലമുറക്ക് സാംസ്കാരിക വിനിമയം സാധ്യമാക്കി കളിയാട്ടം പദ്ധതി.

പുതിയ തലമുറക്ക് സാംസ്കാരിക വിനിമയം സാധ്യമാക്കി കളിയാട്ടം പദ്ധതി. ഗോത്ര സംസ്കൃതിയുടെ വാഹകരായ ആദിവാസി വിദ്യാര്‍ഥികള്‍ നാഗരിക ജീവതത്തെ തൊട്ടറിയുകയാണ് കളിയാട്ടത്തിലൂടെ. നഗരത്തിലെ വിദ്യാര്‍ഥികള്‍ ഊരുകളിലെത്തി ആദിവാസി സംസ്കാരത്തെയും നേരിട്ട് അറിയും. പദ്ധതിയുടെ ഭാഗമായി വയനാട് ബാവലി ഗവണ്മെന്റ് യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് കോഴിക്കോട് എത്തിയത്.

വയനാട്ടിലെ ബാവലിയില്‍ നിന്നും ചുരം ഇറങ്ങി എത്തിയതാണ് ഈ കുരുന്നുകള്‍. പുത്തന്‍ കാഴ്ചകള്‍ തേടിയെത്തിയ കൂട്ടുകാരെ സ്വീകരിക്കാന്‍ കോഴിക്കോട് പയിമ്പ്ര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ ഒഴുകിയെത്തി. കളിയാട്ടം പദ്ധതിയുടെ ഭാഗമായുള്ള പഠന പ്രവര്‍ത്തനവും നഗരജീവത്തെ കുറിച്ച് അറിയുകയുമാണ് ലക്ഷ്യം. ഏഴാം ക്ളാസിലെ മലയാളം പാഠ പുസ്തകത്തിലെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കഥയുടെ പഠനത്തിന്റെ ഭാഗമായിട്ടാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. കഥ രചിച്ച അര്‍ഷാദ് ബത്തേരിയേയും കുട്ടികള്‍ കൂടെകൂട്ടി. സ്വന്തം ഊരിനു പുറത്തു പോലും യാത്ര ചെയ്തിട്ടില്ലാത്തവരായിരുന്നു അധികവും. പാട്ടും മേളവുമൊക്കെയായി കുരുന്നുകള്‍ പിന്നെ ആഘോഷ തിമിര്‍പ്പില്‍. വയനാട്ടിലെ ഗദ്ദിക നാടന്‍ പാട്ട് കലാകാരന്മാരും കുട്ടികള്‍ക്കൊപ്പമുണ്ട്. അടുത്ത ഘട്ടമായി പയിമ്പ്ര സ്കൂളിലെ കുട്ടികള്‍ വയനാടന്‍ ഊരുകളില്‍ പോയി രണ്ട് ദിനം താമസിക്കും.