LiveTV

Live

Kerala

വിദ്യാര്‍ഥിയെ പ്രതികാര നടപടിയെ തുടര്‍ന്ന് കോളജില്‍ നിന്ന് പുറത്താക്കിയതായി പരാതി

വിദ്യാര്‍ഥിയെ പ്രതികാര നടപടിയെ തുടര്‍ന്ന് കോളജില്‍ നിന്ന് പുറത്താക്കിയതായി പരാതി
Summary
മിസ്റ്റര്‍ തൃശൂര്‍ റണ്ണറപ്പായ ആബിദ് കോളജിന് വേണ്ടി മത്സരിച്ച് ശരീര സൌന്ദര്യ യൂണിവേഴ്സിറ്റി തലത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളജില്‍ വിദ്യാര്‍ഥിയെ പ്രതികാര നടപടിയെ തുടര്‍ന്ന് പുറത്താക്കിയതായി പരാതി. കൊപ്രക്കളം സ്വദേശി ആബിദ് ഹുസൈനാണ് കോളജിനെതിരെ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയതാണെന്നാണ് കോളജിന്റെ വിശദീകരണം.

ശരീര സൌന്ദര്യ മത്സരത്തില്‍ താരമായ ആബിദ് ഹുസൈന്‍ പരിശീലനത്തിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും കോളജില്‍ നിന്ന് അവധിയെടുത്തിരുന്നു. ഇതേതുടര്‍ന്ന് 50 ശതമാനം ഹാജര്‍ കുറവാണെന്ന് പറഞ്ഞ് പരീക്ഷയെഴുതാന്‍ കോളജ് അനുമതി നിഷേധിച്ചു. മത്സരത്തിന് പോകുന്നതിന് എതിരായിരുന്ന ചില അധ്യാപകരാണ് ഇതിന് പിന്നിലെന്ന് ആബിദ് ഹുസൈന്‍ പറയുന്നു.

പിന്നീട് വീണ്ടും പണം നല്‍കി മറ്റൊരു കോഴ്സിന് ചേര്‍ന്നെങ്കിലും ക്യാമ്പസിനകത്ത് വെച്ച് ഫോണ്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പുറത്താക്കി. മിസ്റ്റര്‍ തൃശൂര്‍ റണ്ണറപ്പായ ആബിദ് കോളജിന് വേണ്ടി മത്സരിച്ച് യൂണിവേഴ്സിറ്റി തലത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. എന്നിട്ടും പുറത്താക്കിയത് മുന്‍വൈരാഗ്യം കാരണമെന്നാണ് വിദ്യാര്‍ഥിയുടെ ആരോപണം.

നടപടി ചോദ്യം ചെയ്ത് ആബിദ് ഹുസൈന്‍ കോടതിയില്‍ പോയി. അന്വേഷണം നടത്തിയ ശേഷം നടപടിയെടുക്കാനായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ കോളജിലെ അന്വേഷണ സംഘവും പുറത്താക്കാനാണ് തീരുമാനിച്ചത്. മത്സരങ്ങള്‍ക്ക് പോയതിന്റെ പേരില്‍ രണ്ട് അധ്യയന വര്‍‌ഷവും ഫീസും ഡൊണേഷനുമടക്കം വലിയ തുകയും നഷ്ടപ്പെട്ടതായി ആബിദിന്റെ വീട്ടുകാര്‍ പറയുന്നു.