LiveTV

Live

Kerala

ചൂട് വര്‍ധിച്ചത് ദേശാടനപക്ഷികളെ ബാധിച്ചു

ചൂട് വര്‍ധിച്ചത് ദേശാടനപക്ഷികളെ ബാധിച്ചു
Summary
വരണ്ട കാലാവസ്ഥയില്‍ കണ്ടുവരുന്ന ദേശാടനപക്ഷികള്‍ കൂടുതലായി കേരളത്തിലെത്തി തുടങ്ങിയതായും ശീതകാലത്തിലെത്തുന്നവയെ കാണ്മാനില്ലെന്നും പക്ഷി നിരീക്ഷകര്‍ പറയുന്നു.

ആവാസവ്യവസ്ഥയിലെ മാറ്റവും അന്തരീക്ഷത്തിലെ പുകയുടെ മലിനീകരണവും, ചൂട് വര്‍ധിച്ചതും ദേശാടനപക്ഷികളുടെ വരവിനെയും ബാധിച്ചു. വരണ്ട കാലാവസ്ഥയില്‍ കണ്ടുവരുന്ന ദേശാടനപക്ഷികള്‍ കൂടുതലായി കേരളത്തിലെത്തി തുടങ്ങിയതായും ശീതകാലത്തിലെത്തുന്നവയെ കാണ്മാനില്ലെന്നും പക്ഷി നിരീക്ഷകര്‍ പറയുന്നു. കോട്ടയം കുമരകത്തെ പക്ഷിസങ്കേതത്തെയും ഇവ സാരമായി ബാധിച്ചു.

വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന 10 ഏക്കര്‍ ഭൂമിയായ കുമരകം പക്ഷി സങ്കേതവും, കുട്ടനാടന്‍ പാടശേഖരങ്ങളും കാതങ്ങള്‍ താണ്ടി എത്തിയിരുന്ന ദേശാടനക്കിളികള്‍ കൂട്ടമായി കൂടുകൂട്ടിയിരുന്ന പ്രദേശങ്ങളായിരുന്നു. ഓക്ടോബര്‍ മാസം മുതല്‍ ജനുവരി മാസാവസാനംവരെ നൂറോളം ഇനം ദേശാടന പക്ഷികള്‍ കേരളത്തിലെത്തുന്നുവെന്നാണ് പഠനങ്ങള്‍. എന്നാല്‍ ആ കാഴ്ചകള്‍ ഇന്നിവിടെ അപ്രത്യക്ഷമായിത്തുടങ്ങി. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവും വാഹനങ്ങളില്‍നിന്നും വ്യവസായശാലകളില്‍നിന്നും വമിക്കുന്ന പുകയില്‍ മലിനമാകുന്ന അന്തരീക്ഷവും, ചൂട് വര്‍ധിക്കുന്നതും ദേശാടനപക്ഷികളുടെ വരവിനെ സാരമായി ബാധിച്ചു.

സൈബീരിയയില്‍ നിന്നെത്തിയിരുന്ന സൂചിവാലന്‍ ഇരണ്ട, മധ്യേഷ്യയില്‍നിന്നും, ചൈനയില്‍നിന്നുമൊക്കെ ദേശാടകരായി എത്തിയിരുന്ന കുറുത്തലയന്‍വാത്ത് എന്നിവയൊക്കെയും ശീതകാലത്ത് കേരളത്തിലെത്തിയിരുന്നവയാണ്. ഇവയുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.