വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടിയേക്കില്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്ധിപ്പിച്ചേക്കില്ല. കെഎസ്ഇബി ഇതുസംബന്ധിച്ച് നേരിട്ട് അപേക്ഷ നല്‍കാത്തതാണ് കാരണം. നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയാല് റഗുലേറ്ററി കമ്മീഷന് ഇത് പരിശോധിച്ച് നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രതിദിന ശരാശരി ഉപയോഗം 7 കോടി യൂണിറ്റിലേക്കെത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന ഒരു കോടി യൂണിറ്റിന് പുറത്ത് വരുന്ന വൈദ്യുതി വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വേനല്‍ക്കാലവും പരീക്ഷക്കാലവും വരുന്നതോടെ ഉപഭോഗം 8 കോടിയിലേക്കെത്തുമെന്നാണ് കണക്ക്കൂട്ടല്‍. അതായത് 7 കോടി യൂണിറ്റ് പുറത്ത് നിന്ന് കൊണ്ടുവരേണ്ടിവരും. ഇതിനാവശ്യമായ ഗ്രിഡ് ലഭ്യമല്ലാത്തതിനാല്‍ ഉയര്‍ന്ന വിലക്ക് കായകുളം ഉള്‍പ്പെടെ താപവൈദ്യുത നിലയങ്ങളും പ്രവര്‍ത്തിപ്പിക്കേണ്ടിവരും. ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.