LiveTV

Live

Kerala

ചക്കിട്ടപ്പാറ സിഎസ്ഐ ചര്‍ച്ചിനെതിരായ പരാതിയില്‍ നടപടി എടുക്കാന്‍ നിര്‍ദേശം

ചക്കിട്ടപ്പാറ സിഎസ്ഐ ചര്‍ച്ചിനെതിരായ പരാതിയില്‍ നടപടി എടുക്കാന്‍ നിര്‍ദേശം
Summary
20 ലക്ഷം രൂപയുടെ മരങ്ങള്‍ മുറിച്ച് കടത്തിയതായാണ് പരാതി

ചക്കിട്ടപ്പാറയില്‍ സിഎസ്ഐ ചര്‍ച്ചിന്‍റെ കൈവശമുള്ളതും കേസ് നിലനില്‍ക്കുന്നതുമായ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റിയ സംഭവത്തില്‍ നടപടി എടുക്കാന്‍ ഹൈക്കോടതിയുട ഉത്തരവ്. 20 ലക്ഷം രൂപയുടെ മരങ്ങള്‍ മുറിച്ചു മാറ്റിയതായുള്ള പരാതിയിലാണ് കോടതിയുടെ ഇപെടല്‍. ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.

ചക്കിട്ടപ്പാറയിലെ സിഎസ്ഐ ചര്‍ച്ച് നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ക്വാറി നടത്തിയതായുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് വേഗത പോരെന്ന് കാട്ടി നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തി വിധിയും പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമുള്ള സ്ഥലത്ത് നിന്ന് ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചു മാറ്റിയതായി പരാതി ഉയര്‍ന്നത്. വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടര്‍ വരെയുള്ളവര്‍ പരാതിയില്‍ നടപടി എടുത്തില്ലെന്ന് കാട്ടി പരാതിക്കാരനായ സോളമന്‍ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഒരു മാസത്തെ കാലയളവിനുള്ളില്‍ നടപടി സ്വീകരിക്കാനുള്ള ഉത്തരവ്.

റവന്യു സെക്രട്ടറി, കലക്ടര്‍,കൊയിലാണ്ടി തഹസില്‍ദാര്‍,ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് നിര്‍ദേശം. 20 ലക്ഷം രൂപ വിലവരുന്ന മരങ്ങള്‍ പള്ളി വികാരിയും ഭരണ സമിതിയും ചേര്‍ന്ന് മുറിച്ചു മാറ്റിയെന്നായിരുന്നു പരാതി.