LiveTV

Live

Kerala

ദേശീയ ഗാനത്തെ അപമാനിച്ചതായി ആരോപണം: എഴുത്തുകാരന് എതിരെ രാജ്യദ്രോഹത്തിന് കേസ്

ദേശീയ ഗാനത്തെ അപമാനിച്ചതായി ആരോപണം: എഴുത്തുകാരന് എതിരെ രാജ്യദ്രോഹത്തിന് കേസ്
Summary
നോവലിലൂടെയും ഫേസ് ബുക്കിലൂടെയും അപമാനിച്ചതായാണ് കേസ്

നോവലിലും ഫേസ്ബുക്കിലും ദേശീയഗാനത്തെ അപമാനിച്ചതായി ആരോപിച്ച് എഴുത്തുകാരന് എതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്തു. കൊല്ലം ശങ്കരമംഗലം സ്വദേശിയും നാടക പ്രവര്‍ത്തകനുമായ കമല്‍ സി ചവറയ്ക്ക് എതിരെയാണ് കേസ്. ഇയാളുടെ കുടുംബ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് നോവലും പെന്‍ട്രൈവുകളും പിടിച്ചെടുത്തു.

കമല്‍ സി ചവറയുടെ ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന നോവലില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന ഭാഗങ്ങളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് കേസ്. 124 എ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്‍. ഫേസ് ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നാണ് കരുനാഗപ്പള്ളി പോലീസിന്‍റെ നിലപാട്. കൊല്ലത്തെ കമലിന്‍റെ കുടുംബ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് നോവല്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു.

മൂന്ന് വര്‍ഷമായി കോഴിക്കോട് കുന്ദമംഗലത്താണ് കമല്‍ താമസിക്കുന്നത്. പോലീസ് തന്നെ ഭീകരവാദിയായി ചിത്രീകരിച്ചതായും നാടക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ആരോപിക്കുന്നു. ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ നോവല്‍ ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടനന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിലാണ് പ്രകാശനം ചെയ്തത്.