LiveTV

Live

Kerala

മകന്റെ കൊലക്ക് പിന്നില്‍ സംഘ്പരിവാറെന്ന് ഫൈസലിന്റെ അമ്മ

മകന്റെ കൊലക്ക് പിന്നില്‍ സംഘ്പരിവാറെന്ന് ഫൈസലിന്റെ അമ്മ
Summary
തന്റെ മകനെ കൊന്നത് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് മിനി പറഞ്ഞു. മത പരിവര്‍ത്തനം നടത്തിയതു മുതല്‍ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

കൊടിഞ്ഞി കൊലപാതകത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ മിനി. തന്റെ മകനെ കൊന്നത് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് മിനി പറഞ്ഞു. മത പരിവര്‍ത്തനം നടത്തിയതു മുതല്‍ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഫൈസലിന്റെ സഹോദരി ഭര്‍ത്താവായ വിനോദ് പലതവണ വധ ഭീഷണി മുഴക്കിയിരുന്നുവെന്നും ഫൈസലിന്റെ അമ്മ മീഡിയവണിനോട് പറഞ്ഞു.

മകന്‍ കൊല്ലപ്പെട്ട് രണ്ടാം ദിവസമാണ് കേസില്‍ നിര്‍ണായകമായേക്കാവുന്ന വിവരങ്ങള്‍ അമ്മ മിനി പുറത്തുവിട്ടത്. തന്റെ സമ്മതം വാങ്ങിയ ശേഷമാണ് ഫൈസല്‍ മതം മാറിയതെന്ന് മിനി പറഞ്ഞു. കുടുംബവുമായി ഫൈസല്‍ നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ് നിരവധി തവണ ഫൈസലിന്റെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തന്റെ മകളോടും അവളുടെ മക്കളോടും ഫൈസലിനെ വധിക്കുമെന്ന് വിനോദ് പറഞ്ഞിരുന്നു.

ഫൈസലിനെ വധിക്കാന്‍ ദീര്‍ഘനാളായി നീക്കങ്ങള്‍ നടന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മിനിയുടെ വെളിപ്പെടുത്തലുകള്‍. ഒരിക്കല്‍ തന്റെ കുടുംബം സഞ്ചരിച്ച വാഹനത്തെ ഒരു ജീപ്പ് പിന്തുടര്‍ന്നു. ഫൈസല്‍ അതില്‍ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ പിന്‍മാറി. ആര്‍.എസ്.എസ് , ബിജെപി പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. ഈ വിവരങ്ങള്‍ ഫൈസലിന്റെ മാതാവ് പൊലീസിനും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ഒരുവര്‍ഷം മുമ്പ് ഇസ്‍ലാം മതം സ്വീകരിച്ച ഫൈസല്‍ എന്ന ഉണ്ണി ശനിയാഴ്ച പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെട്ടത്.