LiveTV

Live

Kerala

കാന്തപുരം നേതൃത്വത്തിലുള്ള മുസ്ലിം ജമാഅത്തിന്റെ നയപ്രഖ്യാപനം നാളെ

കാന്തപുരം നേതൃത്വത്തിലുള്ള മുസ്ലിം ജമാഅത്തിന്റെ നയപ്രഖ്യാപനം നാളെ
Summary
വിവിധ വിഷയങ്ങളിലുള്ള നിലപാടുകള്‍ക്കൊപ്പം രാഷ്ട്രീയനയവും സംഘടന നാളത്തെ സമ്മേളനത്തില്‍ വിശദീകരിച്ചേക്കും.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ജമാഅത്തിന്റെ നയപ്രഖ്യാപനം നാളെ നടക്കും. കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിക്കും.

കഴിഞ്ഞ ഒക്ടോബറില്‍ മലപ്പുറത്തു വെച്ചാണ് മുസ്ലിം ജമാഅത്ത് എന്ന ബഹുജനസംഘടനയുടെ പ്രഖ്യാപനം നടന്നത്. കഴിഞ്ഞ മാസങ്ങളില്‍ യൂണിറ്റ്തലം മുതല്‍ ജില്ലാതലം വരെയുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കൌണ്‍സില്‍ ശനിയാഴ്ച കോഴിക്കോട് നടക്കും. സംഘടനയുടെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും കൌണ്‍സില്‍ അംഗീകാരം നല്‍കും. കൌണ്‍സിലിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് മുസ്ലിം ജമാഅതിന്റെ സംസ്ഥാനഭാരവാഹികളെ പ്രഖ്യാപിക്കുക. സംഘടനാ നയരേഖ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

മുസ്ലിം ജമാഅത്ത് രാഷ്ട്രീയ സംഘടനയല്ല എന്ന് നേരത്തെ നേതാക്കള്‍ വ്യക്തമാക്കിയതാണ്. എങ്കിലും സംഘടനക്ക് രാഷ്ട്രീയ നയമുണ്ടാകും. വിവിധ വിഷയങ്ങളിലുള്ള നിലപാടുകള്‍ക്കൊപ്പം രാഷ്ട്രീയനയവും സംഘടന നാളത്തെ സമ്മേളനത്തില്‍ വിശദീകരിച്ചേക്കും. തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, പ്രൊഫഷണലുകള്‍ തുടങ്ങി എല്ലാവര്‍ക്കും ഇടമുള്ളതാണ് പുതിയ സംഘടന. കേരള മുസ്ലിം ജമാഅതിന്റെ പ്രഖ്യാപനത്തിന് ശേഷം ഓള്‍ ഇന്ത്യാ മുസ്ലിം ജമാഅതിന്റെ രൂപീകരണത്തിലേക്ക് സംഘടന കടക്കും.