LiveTV

Live

Kerala

മദറിന്റെ വിശുദ്ധ പദവി പ്രാഖ്യാപനത്തെ വരവേല്‍ക്കാനൊരുങ്ങി പുഷ്പഗിരി സെന്റ്. ജോസഫ്സ് ദേവാലയം

മദറിന്റെ വിശുദ്ധ പദവി പ്രാഖ്യാപനത്തെ വരവേല്‍ക്കാനൊരുങ്ങി പുഷ്പഗിരി സെന്റ്. ജോസഫ്സ് ദേവാലയം
Summary
മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച ഇന്ത്യയിലെ ആദ്യ ദേവാലയമാണിത്

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രാഖ്യാപനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കോട്ടയം തെള്ളകത്തെ പുഷ്പഗിരി സെന്റ്. ജോസഫ്സ് ദേവാലയം. മദര്‍ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച ഇന്ത്യയിലെ ആദ്യ ദേവാലയമാണിത്. മദറിന്റെ ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങളടങ്ങുന്ന ചരിത്ര പ്രദര്‍ശനവും പുഷ്പഗിരി ദേവാലയത്തില്‍ ഒരുക്കിയിട്ടുണ്ട്.

പാവങ്ങളുടെ അമ്മയെന്ന് അറിയപ്പെടുന്ന മദര്‍ തെരേസയെ കത്തോലിക്കാസഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ അതില്‍ ഏറെ ആഹ്ലാദിക്കുകയാണ് കോട്ടയം തെള്ളകത്തെ പുഷ്പഗിരി സെന്‍റ് ജോസഫ്സ് ഇടവകയിലെ വിശ്വാസ സമൂഹം. 1974 ജനുവരിയില്‍ മിഷനറീസ് ഓഫ് ചാരിറ്റിയെന്ന മദര്‍ സ്ഥാപിച്ച സന്യാസ സമൂഹത്തിന്റെ കോട്ടയത്തെ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചപ്പോഴാണ് പുഷ്പഗിരി പള്ളിയില്‍ മദറിന്റെ പാദസ്പര്‍ശമേറ്റത്. മദര്‍ തെരേസയുടെ തിരുശേഷിപ്പുകളായ തിരുവസ്ത്രവും തലമുടിയും കബിറടത്തിലെ മണ്ണ് എന്നിവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

മദറിനെ അടുത്തറിയാനുതകുന്ന ചരിത്ര പ്രദര്‍ശനവും മ്യൂസിയവും ഇവിടുത്തെ പ്രത്യേകതയാണ്. ബാല്യം മുതല്‍ അന്ത്യം വരെയുള്ള മദര്‍ തെരേസയുടെ അപൂര്‍വ ചിത്രങ്ങളുടെ ശേഖരവും മ്യൂസിയത്തിലുണ്ട്. മദര്‍ തെരേസയുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രതിമയും കാഴ്ചക്കാര്‍ക്ക് കൌതുകമേകും. വിശുദ്ധ പദവി പ്രഖ്യാപനത്തിനോട് അനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ദാനവും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.