LiveTV

Live

Kerala

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം
Summary
സംഘടനാ രംഗത്ത് സജീവമല്ലാത്ത ഷാനവാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഒരംഗവും രാജിവെച്ചു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവും രാജിവെച്ചു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തെ തുടര്‍ന്നാണ് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസിനെ ഡിസിസി പ്രഖ്യാപിച്ചു. സംഘടനാ രംഗത്ത് സജീവമല്ലാത്ത ഷാനവാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഒരംഗവും രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലനും പഞ്ചായത്തംഗം കെ ശംഭുവുമാണ് രാജിവെച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം തേടിയില്ലെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പാര്‍ട്ടിയിലുണ്ടായ ഭിന്നത ഡിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രണ്ട് അംഗങ്ങള്‍ രാജിവെക്കുന്നതോടെ വര്‍ഷത്തിന് ശേഷം എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുത്ത ഉദുമ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാവും. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നഷ്ടമായാല്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണവും യുഡിഎഫിന് നഷ്ടമാവും.