LiveTV

Live

Kerala

പുതിയ പദവി: ഉത്തരവ് വൈകുന്നതില്‍ ഡിജിപിമാരായ ഹേമചന്ദ്രനും ശങ്കര്‍ റെഡിക്കും അതൃപ്തി

പുതിയ പദവി: ഉത്തരവ് വൈകുന്നതില്‍ ഡിജിപിമാരായ ഹേമചന്ദ്രനും ശങ്കര്‍ റെഡിക്കും അതൃപ്തി
Summary
ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ ഡിജിപി എ ഹേമചന്ദ്രന്‍ ഇപ്പോഴും സ്ഥാനത്ത് തുടരുകയാണ്. ഇതുമൂലം ക്രൈംറെക്കോഡ്സ് ബ്യൂറോയില്‍ നിന്ന് ഇന്റലിജന്‍സ് മേധാവിയായി മാറ്റം ലഭിച്ച ആര്‍ ശ്രീലേഖ സ്ഥാനമേറ്റടുത്തില്ല.

ആഭ്യന്തര വകുപ്പ് സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കി ഒരാഴ്ച പിന്നിട്ടിട്ടും ഇന്റലിജന്‍സ് മേധാവി സ്ഥാനം ഡിജിപി എ ഹേമചന്ദ്രന്‍ ഒഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ആര്‍ ശ്രീലേഖ ഇന്റലിജന്‍സ് എഡിജിപി സ്ഥാനം ഏറ്റെടുക്കാതെ എസ്.സി.ആര്‍.ബിയില്‍ തുടരുകയാണ്.പുതിയ പദവി നല്‍കി ഉത്തരവ് പുറത്തിറക്കാന്‍ വൈകുന്നതില്‍ ഡിജിപിമാരായ എ ഹേമചന്ദ്രനും, എന്‍ ശങ്കര്‍ റെഡ്ഢിയും കടുത്ത അതൃപ്തിയിലാണ്.

ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഈ മാസം ആറാം തീയതിയാണ് പോലീസ് തലപ്പത്തെ സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയത്. തൊട്ട് പിന്നാലെ തന്നെ ഏതാണ്ടെല്ലാ ഉദ്യോഗസ്ഥരും പുതിയ തസ്തികകളിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ ഡിജിപി എ ഹേമചന്ദ്രന്‍ ഇപ്പോഴും സ്ഥാനത്ത് തുടരുകയാണ്. ഇതുമൂലം ക്രൈംറെക്കോഡ്സ് ബ്യൂറോയില്‍ നിന്ന് ഇന്റലിജന്‍സ് മേധാവിയായി മാറ്റം ലഭിച്ച ആര്‍ ശ്രീലേഖ സ്ഥാനമേറ്റടുത്തില്ല.

പുതിയ നിയമനം ലഭിക്കാത്തതിനാലാണ് എ ഹേമചന്ദ്രന്‍ സ്ഥാനത്ത് തുടരുന്നതെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടറായിരുന്ന ഡിജിപി എന്‍ ശങ്കര്‍ റെഡ്ഢിക്കും നിയമനം നല്‍കാത്തതില്‍ പ്രതിഷേധമുണ്ട്. പോലീസ് പരിശീലന വിഭാഗം മേധാവിയായിരുന്ന ഡിജിപി രാജേഷ് ദിവാനും പുതിയ ചുമതല നല്‍കിയിട്ടില്ല. മൂന്ന് പേരും അത്യപ്തി ചീഫ് സെക്രട്ടറിയെ അറിയിച്ചു.

ഫയര്‍ഫോഴ്സ് മേധാവി സ്ഥാനവും എസ്.സി.ആര്‍.ബി ഡയറക്ടര്‍ സ്ഥാനവും പോലീസ് ആസ്ഥാനത്ത് ഒരു എഡിജിപി സ്ഥാനവുമാണ് നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നത്. മൂന്ന് ഡിജിപിമാര്‍ക്കും പുതിയ പദവി നല്‍കിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ വാദം.