LiveTV

Live

Kerala

വിദേശ മലയാളി വ്യവസായി കൊല്ലപ്പെട്ട സംഭവം: മകന്‍ കസ്റ്റഡിയില്‍

വിദേശ മലയാളി വ്യവസായി കൊല്ലപ്പെട്ട സംഭവം: മകന്‍ കസ്റ്റഡിയില്‍
Summary
സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിക്കൊടുവില്‍ വെടിവയ്ക്കാനൊരുങ്ങിയ അച്ഛനെ അതേ തോക്കുകൊണ്ട് തിരിച്ചു വെടിവച്ചെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു

ആലപ്പുഴ ചെങ്ങന്നൂരില്‍ വിദേശ മലയാളി വ്യവസായിയെ വെടിവെച്ചു കൊന്ന ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞ സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച മുതല്‍ കാണാതായ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴപ്പില്‍ ജോയ് വി ജോണ്‍ ദാരുണായി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പിടിവലിക്കൊടുവില്‍ വെടിവയ്ക്കാനൊരുങ്ങിയ ജോയ് വി ജോണിനെ അതേ തോക്കുകൊണ്ട് തിരിച്ചു വെടിവച്ചെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു. ഒരു ദിവസം നീണ്ട ദുരൂഹതക്കൊടുവിലാണ് മകന്‍ അച്ഛനെ കൊന്ന് കത്തിച്ച് ശേഷിപ്പുകള്‍ പുഴയിലെറിഞ്ഞെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

ജോയ് വി ജോണിനെയും മകനെയും കാണാനില്ലെന്ന് കാട്ടി ശനിയാഴ്‌ചയാണ് ഭാര്യ മറിയാമ്മ പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച തിരുവനന്തപുരത്ത് പോയ ഇരുവരും തിരിച്ചു വീട്ടില്‍ എത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പിതാവുമായി സ്വത്തുതര്‍ക്കമുണ്ടായെന്നും തന്നെ വെടിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അതേ തോക്കു കൊണ്ടു തിരിച്ചു വെടി വച്ചെന്ന് വ്യാഴാഴ്ച മകന്‍ ഫോണില്‍ പറഞ്ഞതായി മറിയാമ്മ മൊഴി നല്‍കി. തുടര്‍ന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട ചെരുപ്പുകളും ചുമരില്‍ രക്തക്കറയും മാംസാവശിഷ്ടങ്ങളും കണ്ടെത്തി. ഗോഡൗണിന്റെ മറ്റൊരു ഭാഗത്തു നിന്നു കത്തിച്ചതിന്റെ തെളിവുകളും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ ലോഡ്ജില്‍ നിന്നു മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബന്ധുക്കളില്‍ നിന്നു ലഭിച്ച സൂചനകളുടെയും ഇവരുടെ കാര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം മകനനെ പിടികൂടാനായത്. ചെങ്ങന്നൂരില്‍ നിന്നു തിരുവല്ലയിലും പിന്നീടു കോട്ടയത്തും പോയ കാര്‍ പല സ്ഥലങ്ങളിലും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ ജോയ് വി. ജോണും ഭാര്യ മറിയാമ്മയും കഴിഞ്ഞ 19നാണ് നാട്ടില്‍ എത്തിയത്.

25ന് രാവിലെ കാറിന്റെ എയര്‍ കണ്ടീഷന്‍ നന്നാക്കാനാണ് ജോയ് വി. ജോണും മകനും തിരുവനന്തപുരത്തേക്കു പോയത്. ജോയ് വി. ജോണിന്റ തോക്ക് മകന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു. മൃതദേഹം കത്തിച്ചശേഷം പുഴയില്‍ തള്ളിയെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു. പമ്പയാറിന്റെ വിവിധ ഭാഗങ്ങളില്‍ മൃതദേഹത്തിന്റെ ശേഷിപ്പുകള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.