LiveTV

Live

Kerala

കേരള കോണ്‍ഗ്രസിന്റെ(എം) വോട്ട്കിട്ടുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

കേരള കോണ്‍ഗ്രസിന്റെ(എം) വോട്ട്കിട്ടുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
Summary
പരസ്യമായി യുഡിഎഫ് നിലപാടെടുത്തില്ലെങ്കിലും യുഡിഎഫ് പ്രതികൂല നിലപാടിലേക്ക് മാണി പോകില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ കരുതുന്നത്.

കെ.എം മാണിയുടെ പാര്‍ട്ടിയുടെ വോട്ട്കിട്ടുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്. പരസ്യമായി യുഡിഎഫ് നിലപാടെടുത്തില്ലെങ്കിലും യുഡിഎഫ് പ്രതികൂല നിലപാടിലേക്ക് മാണി പോകില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ കരുതുന്നത്. ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുത്തത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും. മാണി വിരുദ്ധ നിലപാടില്‍ നിന്ന് സിപിഐ മാറാതിരുന്നതോടെ മാണിയുടെ എല്‍ ഡി എഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതുമുതലെടുത്ത് പി കെ കുഞ്ഞാലിക്കുട്ടിയാണ് മാണിയെ തിരികെ കൊണ്ടുവരാനുളള നീക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് യുഡിഎഫില്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് മാണിയുടെ അടുപ്പമുള്ള ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് യുഡിഎഫ് നിയോഗിച്ചു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ ആശയവിനിമയത്തിന്റെ വേഗത കൂട്ടിയ യുഡിഎഫ് നേതാക്കള്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് പാലായിലെ വസതിയിലെത്തി കെ എം മാണിയെക്കാണാന്‍ യുഡിഎഫ് നേതൃത്വം ഒന്നടങ്കം എത്തിയത്. ചെങ്ങന്നൂരില്‍ അനുകൂല തീരുമാനം കെ എം മാണി എടുക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് നേതാക്കള്‍ക്കുള്ളത്. കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടാവുക.

യുഡിഎഫിന് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ എല്‍ ഡി എഫ് അനുകൂല സമീപനം കെ എം മാണി എടുക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ കരുതുന്നു. ഫലത്തില്‍ യുഡിഎഫിന് അനുകൂലമായി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.