LiveTV

Live

Kerala

എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കും

എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കും
Summary
യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് കണ്ണൂരില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി പരിപാടികളും കണ്ണൂരില്‍ സംഘടിപ്പിച്ചിട്ടുണ്ട്.



വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും പിആര്‍ഡി ഗ്രാമീണ സഹായ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

മന്ത്രിമാരായ കെ കെ ശൈലജ, കടന്നപ്പളളി രാമചന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിജയ് യേശുദാസിന്റെ ഗാനമേള, ആശാ ശരത്തിന്റെ നൃത്ത സന്ധ്യ തുടങ്ങിയവയും ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും. സെമിനാറുകള്‍, തൊഴിലാളി സംഗമം, തുടങ്ങി വിവിധ പരിപാടികളും വരും ദിവസങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങള്‍ 25ന് സമാപിക്കും.

എന്നാല്‍ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഇന്ന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുകയാണ്. 140 നിയോജക മണ്ഡലങ്ങളിലും ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസിനു മുമ്പില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും. രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറാക്കിയ പുസ്തകം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്യും. ചടങ്ങില്‍ യുഡിഎഫിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 5 മണിക്ക് ഗാന്ധിപാര്‍ക്കില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.