LiveTV

Live

Kerala

പുതിയ എംഎല്‍എയെ കാത്ത് ഇടക്കടവ് ഇക്കോ ടൂറിസം പദ്ധതി

പുതിയ എംഎല്‍എയെ കാത്ത് ഇടക്കടവ് ഇക്കോ ടൂറിസം പദ്ധതി
Summary
നിറഞ്ഞൊഴുകുന്ന പമ്പയാറിന്റെ തീരത്ത്, അതിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ അഞ്ചരയേക്കർ സ്ഥലത്താണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയത്.

ചെങ്ങന്നൂരിലെ ആദ്യ ഇക്കോ- ടൂറിസം പദ്ധതിയാണ് പാണ്ടനാട് പഞ്ചായത്തിലെ ഇടക്കടവിൽ നടപ്പിലാക്കിയത്. എന്നാൽ രണ്ടാം ഘട്ട പദ്ധതികൾ വൈകുന്നത് മൂലം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ഇടക്കടവ് ഇക്കോ ടൂറിസം പദ്ധതി. പുതിയ എംഎൽഎ വരുമ്പോൾ രണ്ടാം ഘട്ട പദ്ധതിക്ക് അനുകൂലമായ തീരുമാനമുണ്ടാകമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി.

2016 ലാണ് പാണ്ടനാട് പഞ്ചായത്തിലെ ഇടക്കടവിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്. നിറഞ്ഞൊഴുകുന്ന പമ്പയാറിന്റെ തീരത്ത്, അതിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ അഞ്ചരയേക്കർ സ്ഥലത്താണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ കുട്ടികളുടെ പാർക്കുൾപ്പടെ സ്ഥാപിച്ചെങ്കിലും രണ്ടാം ഘട്ട പദ്ധതികൾ കൂടി പൂർത്തിയായാലേ ഈ മേഖലയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തു.

ഗുരു ചെങ്ങന്നൂർ കലാമന്ദിരവും, ഓപ്പൺ തിയ്യേറ്ററും, നീന്തൽക്കുളവുമെല്ലാം ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ട പദ്ധതി. നേരത്തേ ബോട്ടിംഗ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ താല്ക്കാലികമായി നിർത്തിവെച്ചിരിയ്ക്കുകയാണ്. ഇത് വീണ്ടും പുനരാരംഭിക്കണമെന്ന് സഞ്ചാരികൾ പറയുന്നു. രണ്ടാം ഘട്ടം കൂടി നടപ്പിലായാൽ ജില്ലയിലെ തന്നെ പ്രധാന ഇക്കോ- ടൂറിസം മേഖലയായി ഇടക്കടവ് മാറും.