LiveTV

Live

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രിക് കാര്‍ തകരാറിലായിട്ട് രണ്ട് വര്‍ഷം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രിക് കാര്‍ തകരാറിലായിട്ട് രണ്ട് വര്‍ഷം
Summary
വീല്‍ചെയറിന് പകരം വിവിധ വിഭാഗങ്ങളില്‍ പരിശോധനക്കായി രോഗികളെയെത്തിച്ചിരുന്ന കാറുകളാണ് തകരാറിലായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കുള്ള ഇലക്ട്രിക് കാര്‍ തകരാറിലായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. വീല്‍ചെയറിന് പകരം വിവിധ വിഭാഗങ്ങളില്‍ പരിശോധനക്കായി രോഗികളെയെത്തിച്ചിരുന്ന കാറുകളാണ് തകരാറിലായത്. ആശുപത്രി വികസന ഫണ്ടില്‍ പണമുണ്ടായിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം.

ടിഎന്‍ സീമ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2012ലാണ് കാറുകള്‍ വാങ്ങിയത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ ഇലക്ട്രിക് കാര്‍. പുറത്തെ തിരക്കില്‍ നിന്നൊഴിവായി ആശുപത്രിക്കകത്തെ കോറിഡോറിലൂടെ രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പരിശോധനക്ക് എത്താനാകുമായിരുന്നു. വീല്‍ചെയറുകളേക്കാള്‍ ഉപകാരപ്രദം. പക്ഷേ ഈ കാറുകളും ഇപ്പോള്‍ അസുഖബാധിതരാണ്. ബാറ്ററി കേടായതിനെ തുടര്‍ന്ന് കാറുകള്‍ ഉപയോഗിക്കാതായി. തകരാറിലായി രണ്ട് വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

അതേസമയം അടിയന്തര പ്രാധാന്യമില്ലാത്തതുകൊണ്ടാണ് ആശുപത്രി വികസന ഫണ്ടിലെ പണം ഇതിന് വിനിയോഗിക്കാത്തതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. കാറുകളുടെ തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.