LiveTV

Live

Kerala

കോഴിക്കോട് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; മരണം രണ്ടായി

കോഴിക്കോട് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; മരണം രണ്ടായി
Summary
കോഴിക്കോട് റാം മോഹന്‍ റോഡില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം.

കോഴിക്കോട് നഗരമധ്യത്തില്‍ റാം മോഹന്‍ റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശികളായ കിസ്മത്ത്, ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്ലാവരും ബിഹാര്‍ സ്വദേശികളാണ്.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം. കെട്ടിട നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മഴയില്‍ നനഞ്ഞ് കിടന്നിരുന്ന മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തതാണ് അപകട കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. എട്ട് പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. അഞ്ച് പേരെ തൊഴിലാളികള്‍ തന്നെ രക്ഷപ്പെടുത്തി.

പിന്നീട് ഫയര്‍ഫോഴ്സും പൊലീസും ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ കിസ്മത്ത് എന്ന തൊഴിലാളിയെ പുറത്തെടുത്തു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീണ്ടും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മുക്താറിനെയും ജബ്ബാറിനെയും മണ്ണിനടിയില്‍ നിന്നും പുറത്തെത്തിക്കാനായത്. കെട്ടിട നിര്‍മ്മാണത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കെട്ടിട ഉടമ കാസര്‍കോട് സ്വദേശി ആയിഷ, കോണ്‍ട്രാക്ടര്‍ അഷ്റഫ് എന്നിവര്‍ക്കെതിരെ കേസെടുത്തു.