LiveTV

Live

Kerala

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: എ വി ജോര്‍ജിനെ കുരുക്കിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: എ വി ജോര്‍ജിനെ കുരുക്കിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്
Summary
വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിലെ അ‍ഞ്ചാം പ്രതിയായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെതിരെ പരാമര്‍ശം.

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിലെ അ‍ഞ്ചാം പ്രതിയായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനെതിരെ പരാമര്‍ശം. സിഐ ക്രിസ്പിന്‍ സാം വീടാക്രമണക്കേസില്‍ ഇടപെട്ടത് എ വി ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

ശ്രീജിത്തിനെയടക്കം കസ്റ്റഡിയിലെടുത്ത സമയത്ത് ക്രിസ്പിന്‍ സാം വരാപ്പുഴ സ്റ്റേഷന്‍ സന്ദര്‍ശിച്ചതും കേസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പൊലീസുകാര്‍ക്ക് നല്‍കിയതും ആ സമയത്ത് റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. എ വി ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ക്രിസ്പിന്‍ സാം നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന പരാമര്‍ശമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ എ വി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിന് പുറമെ ശ്രീജിത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകളും വയര്‍ലെസ് റെക്കോര്‍ഡും പരിശോധിക്കും.

അതേസമയം കസ്റ്റഡി കൊലപാതകക്കേസിലെ അഞ്ചാം പ്രതിയായ സിഐ ക്രിസ്പിന്‍ സാമിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്യായ തടങ്കല്‍, കേസ് രേഖകളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്നീ രണ്ട് വകുപ്പുകളാണ് സിഐക്കെതിരെ ചുമത്തിയിരുന്നത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. ക്രിസ്പിന്‍ സാമിനെതിരെ കൊലക്കുറ്റം ചുമത്താനാവശ്യമായ തെളിവുകളൊന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ക്രിസ്പിന്‍ സാമിന് കോടതി ജാമ്യം അനുവദിച്ചത്.