LiveTV

Live

Kerala

അക്വേഷ്യ മരങ്ങള്‍ നടുന്നത് തടയാനാകില്ലെന്ന് വനംമന്ത്രി

അക്വേഷ്യ മരങ്ങള്‍ നടുന്നത് തടയാനാകില്ലെന്ന് വനംമന്ത്രി
Summary
2025 വരെ കോര്‍പറേഷനുമായി കരാറുള്ളതിനാല്‍ ഇത് ഘട്ടംഘട്ടമായി മാത്രമേ നിര്‍ത്തിവെക്കാന്‍ കഴിയുകയുളളുവെന്നും മന്ത്രി

വനവത്കരണത്തിന്റെ പേരില്‍ അക്വേഷ്യ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് മന്ത്രി കെ രാജു. വനം വികസന കോര്‍പ്പറേഷനാണ് പുതുതായി അക്വേഷ്യ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്. 2025 വരെ കോര്‍പറേഷനുമായി കരാറുള്ളതിനാല്‍ ഇത് ഘട്ടംഘട്ടമായി മാത്രമേ നിര്‍ത്തിവെക്കാന്‍ കഴിയുകയുളളുവെന്നും മന്ത്രി പ്രതികരിച്ചു.

വനം വകുപ്പിന്റെ ഉത്തരവ് മറികടന്ന് അഞ്ചല്‍ റെയ്ഞ്ച് ഓഫീസ് പരിധിയില്‍ വ്യാപകമായി അക്വേഷ്യ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന വാര്‍ത്ത മീഡിയാവണാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. വെച്ചുപിടിപ്പിച്ച അക്വേഷ്യ മരങ്ങള്‍ വെട്ടിമാറ്റുമെന്നും പുതിയത് നടില്ലെന്നുമുള്ള വനംവകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ ലംഘനമാണിതെന്ന് ചൂണ്ടികാട്ടിയിരുന്നു. അതേസമയം വനം വികസന കോര്‍പ്പറേഷനുമായി കരാറുള്ളതിനാലാണ് ഇത് പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ കഴിയാത്തതെന്നും അക്വേഷ്യക്ക് പകരം മറ്റ് മരങ്ങള്‍ നടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോര്‍പ്പറേഷനുമായി സംസാരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

പേപ്പര്‍മില്ലുകളുമായുള്ള കരാറുള്ളതിനാല്‍ അക്വേഷ്യമരങ്ങള്‍ നടുന്നത് ഒഴിവാക്കാനാവില്ലെന്നാണ് വനം വികസന കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരം, കൊല്ലം അതിര്‍ത്തി പ്രദേശത്തെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് കോര്‍പറേഷന്റെ മരം നടല്‍ തുടരുന്നത്. വനവല്‍ക്കരണത്തിന്റെ പേരില്‍ അക്വേഷ്യ, പൈന്‍ തുടങ്ങിയ മരങ്ങള്‍ പുതുതായി നടില്ലെന്നും പഴയ മരങ്ങള്‍ പിഴുത് മാറ്റുമെന്നും വനം മന്ത്രി നിയമസഭയിലും നിലപാടറിയിച്ചിരുന്നു.