LiveTV

Live

Kerala

ഇടുക്കിയില്‍ പോക്സോ കേസുകള്‍ വര്‍ധിക്കുന്നു; പ്രതികളില്‍ അടുത്ത ബന്ധുക്കളും

ഇടുക്കിയില്‍ പോക്സോ കേസുകള്‍ വര്‍ധിക്കുന്നു; പ്രതികളില്‍ അടുത്ത ബന്ധുക്കളും
Summary
രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പലതിലും ഇരയുടെ അടുത്ത ബന്ധുക്കള്‍ പ്രതികളായി വരുന്നുവെന്നത് കണക്കുകളുടെ ഗൌരവം വര്‍ധിപ്പിക്കുന്നു.

ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പലതിലും ഇരയുടെ അടുത്ത ബന്ധുക്കള്‍ പ്രതികളായി വരുന്നുവെന്നത് കണക്കുകളുടെ ഗൌരവം വര്‍ധിപ്പിക്കുന്നു.

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടയുന്നതിനാണ് 2012 ല്‍ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സ് ആക്ട് നിലവില്‍വരുന്നത്. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പായിട്ടുകൂടി പോക്സോ കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇടുക്കി ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കില്‍ ഗുരുതരമായ വര്‍ധനയാണ് ഉണ്ടായത്. 2014ല്‍ 88 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ ഇത് 97 കേസുകളായും, 2016 ല്‍ 104 ഉം, 2017ല്‍ 161 മായും പോക്സോ കേസുകള്‍ വര്‍ധിച്ചു. ഈ വര്‍ഷം മാര്‍ച്ച് മാസം വരെ 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ശൈശവ വിവാഹം, ലൈംഗിക അതിക്രമം തുടങ്ങിയ കേസുകളാണ് ഇതില്‍ ഏറെയും. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്സോ കേസുകളില്‍ ബന്ധുക്കള്‍ ഏറെയും പ്രതിസ്ഥാനത്ത് എത്തുന്നു എന്നത് കേസുകളുടെ ഗൌരവം വര്‍ധിപ്പിക്കുന്നു. സംസ്ഥാന തലത്തില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 30 ശതമാനത്തോളം പ്രതികളും അടുത്ത ബന്ധുക്കളാണ്. പോക്സോ കേസുകള്‍ ജില്ലയില്‍ അധികവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഹൈറേഞ്ചിലെ തോട്ടം, ആദിവാസി മേഖലകളിലാണ്.