LiveTV

Live

Kerala

'രണ്ട് തവണയായി 60സെന്റിലധികം വിട്ടുകൊടുത്തു; ഈ 10സെന്റും കൂടി കൊടുത്താല്‍ എങ്ങോട്ട് പോകും?'

'രണ്ട് തവണയായി 60സെന്റിലധികം വിട്ടുകൊടുത്തു; ഈ 10സെന്റും കൂടി കൊടുത്താല്‍ എങ്ങോട്ട് പോകും?'
Summary
ഹരിപ്പാട് ടൌണില്‍ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ തയ്യാറാക്കിയിട്ടുള്ള അശാസ്ത്രീയമായ അലൈന്‍മെന്റില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന കുടുംബം..

ഹരിപ്പാട് ടൌണില്‍ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ തയ്യാറാക്കിയിട്ടുള്ള അശാസ്ത്രീയമായ അലൈന്‍മെന്റില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന കുടുംബമാണ് പട്ടംപറമ്പില്‍ വീട്ടുകാരുടേത്. മുമ്പ് ഹൈവേ വികസനത്തിന് രണ്ടു തവണ വീടും സ്ഥലവുമെല്ലാം വിട്ടുകൊടുത്ത ഈ കുടുംബത്തിന് പുതിയ അലൈന്‍മെന്റനുസരിച്ച് ബാക്കിയുള്ള ഇത്തിരി സ്ഥലവും ചെറിയ വീടും എല്ലാം നഷ്ടപ്പെടും. 1974ല്‍ ദേശീയ പാത വികസനത്തിന് വിട്ടുകൊടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം പോലും ഇതുവരെ കിട്ടിയിട്ടുമില്ല.

ഈ ദേശീയപാതയോരവും ഗെയ്റ്റും എല്ലാം നില്‍ക്കുന്ന സ്ഥലത്ത് പണ്ട് വലിയൊരു നാലുകെട്ടായിരുന്നു. ആ നാലുകെട്ടെല്ലാം വിട്ടു കൊടുത്ത് ഹരിപ്പാട് പട്ടംപറമ്പില്‍ വീട്ടുകാര്‍ ഇപ്പോള്‍ കാണുന്ന ചെറിയ വീടുണ്ടാക്കി മാറിയത് പണ്ട് ദേശീയ പാത വികസനത്തിനായാണ്. രണ്ട് തവണയായി സ്ഥലം വിട്ടു കൊടുത്തു. ഒരു തവണ 22 സെന്റ് സ്ഥലം. രണ്ടാം തവണ മുപ്പത്തിയൊമ്പതര സെന്റ് സ്ഥലവും അതിലെ നാലു കെട്ടും, കട മുറികളും എല്ലാം. ഇപ്പോള്‍ എതിര്‍ഭാഗത്തെ പുറമ്പോക്ക് സ്ഥലമെല്ലാം ഒഴിവാക്കി ഇവരുടെ വീടിരിക്കുന്ന വശത്തു നിന്ന് മാത്രം സ്ഥലമെടുക്കുന്ന പുതിയ അശാസ്ത്രീയ അലൈന്‍മെന്റനുസരിച്ച് ബാക്കി 10 സെന്റ് കൂടി ഇവര്‍ക്ക് നഷ്ടപ്പെടാന്‍ പോവുകയാണ്.

പൊന്നും വില എന്ന പേരിട്ട് തുച്ഛമായ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ പണ്ട് നിശ്ചയിച്ചത്. സ്ഥലം വിട്ടു കൊടുത്ത് 44 വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ആ പൊന്നും വില പോലും കിട്ടിയില്ല എന്നതാണ് ഇവരുടെ അനുഭവം. അതുകൊണ്ട് മോഹവില വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ ഇനിയവര്‍ക്ക് കഴിയില്ല. ബാക്കിയുള്ള ചെറിയ വീടും ഏക ആശ്രയമായ കടമുറിയും കൂടി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ മക്കളെയും കൂട്ടി എങ്ങോട്ടു പോകുമെന്ന് അവര്‍ക്കറിയില്ല.