LiveTV

Live

Kerala

എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയില്‍ തമ്മിലടി; നേതാക്കളെ സസ്പെന്റ് ചെയ്തു

എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയില്‍ തമ്മിലടി; നേതാക്കളെ സസ്പെന്റ് ചെയ്തു
Summary
എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയില്‍ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ ചേരിപ്പോര്

എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയില്‍ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ ചേരിപ്പോര്. സോഷ്യല്‍ മീഡിയയിലൂടെ സംഘടനയെ അപമാനിച്ചന്ന് ചൂണ്ടികാട്ടി സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സസ്പെന്റ് ചെയ്തു. എംഎസ്എഫ് കൊല്ലം ജില്ലാ പ്രസിഡന്റിനേയും, ഹരിത ജില്ലാ കമ്മിറ്റിയേയും സസ്പെന്റ് ചെയ്തിട്ടുണ്ട്. കുറച്ച് നാളുകളായി ഹരിതയുടെ തലപ്പത്ത് നിലനിന്നിരുന്ന തര്‍ക്കം കൊല്ലം ജില്ലാ കമ്മിറ്റി രൂപീകരണത്തോടെയാണ് പുറത്തേക്ക് എത്തിയത്. സംസ്ഥാന എംഎസ്എഫ് നേതൃത്വത്തിന്റേയും, ഹരിത നേതൃത്വത്തിന്റേയും വിലക്ക് മറികടന്ന് എംഎസ്എഫ് കൊല്ലം ജില്ല നേതൃത്വം ഹരിത ജില്ലാ കമ്മിറ്റി രൂപികരിക്കുകയായിരുന്നു.

ഇത് അംഗീകരിക്കാനാവില്ലെന്ന പരസ്യ നിലപാട് മുഫീദ തെസ്നി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി. ഇതോടെ എംഎസ്എഫ് നേതൃത്വം മുഫീദയെ സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് അംജദിനും സസ്പെന്‍ഷന്‍ നല്‍കി. എന്നാല്‍ ഹരിത കൊല്ലം ജില്ലാ കമ്മിറ്റി രൂപികരണത്തിന് റിട്ടേണിംഗ് ഓഫീസറായി എത്തിയ സംസ്ഥാന ട്രഷറര്‍ അയിഷാ ബാനുവിനെതിരെ സംസ്ഥാന നേതൃത്വം ഒരു നടപടിയും എടുത്തതുമില്ല. ഇത് സംഘടനക്കുള്ളിലെ പ്രശ്നങ്ങള്‍ കൂട്ടി. അതേ സമയം ജില്ലാ കമ്മിറ്റി മരവിപ്പിച്ചതോടെ കൊല്ലം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്ത സന മെഹ്റിന്‍ പ്രവര്‍ത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതായി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഇതോടെ തര്‍ക്കങ്ങള്‍ പുതിയ തലങ്ങളില്‍ എത്തി നില്‍ക്കുകയാണ്.

ജില്ലാ പ്രസിഡന്റ് ആകാന്‍ വേണ്ടി കോഴിക്കോട് ജില്ലയിലുള്ള സന കൊല്ലത്ത് പഠിക്കാന്‍ ചേര്‍ന്നതാണന്ന ആരോപണമാണ് മറുവിഭാഗം ഉന്നയിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുസ്ലിം ലീഗിലെ ചില നേതാക്കളാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.