LiveTV

Live

Kerala

കെഎസ്ആര്‍ടിസിയില്‍ നാളെ നടത്താനിരുന്ന ഡ്യൂട്ടി പരിഷ്കരണം മാറ്റിവെച്ചു  

കെഎസ്ആര്‍ടിസിയില്‍ നാളെ നടത്താനിരുന്ന ഡ്യൂട്ടി പരിഷ്കരണം മാറ്റിവെച്ചു  
Summary
തൊഴിലാളി സംഘടനകളുമായി എം.ഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കെ.എസ്.ആര്‍.ടിസിയില്‍ നാളെ മുതല്‍ നടത്താനിരുന്ന ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരണം മാറ്റിവെച്ചു. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനം. ഏപ്രില്‍ ആറിന് വീണ്ടും ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

വരുമാനത്തിനനുസരിച്ച് ഡ്യൂട്ടി സമയം നിശ്ചയിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് എല്ലാം സിംഗിള്‍ ഡ്യൂട്ടിയായി മാറ്റാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടി പ്രായോഗികമല്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. ചെയിന്‍ സര്‍വീസുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയാല്‍ തൊഴിലാളികള്‍ക്ക് പ്രയാസമുണ്ടാക്കും. ഓര്‍ഡിനറികളില്‍ 8 മണിക്കൂര്‍ ജോലി സമയം നിജപ്പെടുത്തി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ മാറ്റാനായിരുന്നു ആലോചന.

ഇതും എല്ലാ സര്‍വീസിലും പ്രായോഗികമല്ലെന്ന അഭിപ്രായമുയര്‍ന്നു. ഇന്ന് തൊഴിലാളി സംഘടനകളുമായി എം ഡി എ ഹേമചന്ദ്രന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. സംഘടനകളോട് ഏപ്രില്‍ 5ന് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ ആറിന് വീണ്ടും ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകും.