LiveTV

Live

Kerala

തൃശൂരില്‍ ബൈപ്പാസിന് വേണ്ടി ഏക്കറ് കണക്കിന് വയല്‍ നശിപ്പിച്ചു

 തൃശൂരില്‍ ബൈപ്പാസിന് വേണ്ടി ഏക്കറ് കണക്കിന് വയല്‍ നശിപ്പിച്ചു
Summary
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് വയല്‍ നികത്തിയത് പാലിയേക്കര ബൈപ്പാസിനോട് ചേര്‍ന്നെന്നും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനം

കീഴാറ്റൂരിനെ ചൊല്ലി തര്‍ക്കം മുറുകുന്നതിനിടെ തൃശൂരില്‍ ബൈപാസ് വന്നതിന് ശേഷം ഏക്കറ് കണക്കിന് വയല്‍ നശിച്ചതായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം. മണ്ണുത്തി- പാലിയേക്കര ബൈപ്പാസിനോട് ചേര്‍ന്നാണ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പോലും അട്ടിമറിച്ച് വയല്‍ നികത്തപ്പെടുന്നത്.

മണ്ണുത്തി മുതല്‍ പാലിയേക്കര വരെയുള്ള ബൈപ്പാസിലെ 8.8 കിലോ മീറ്റര്‍ ദൂരത്തില്‍ ഇപ്പോള്‍ വയലുകളില്ല. 1987ല്‍ ബൈപ്പാസ് വന്നതിന് ശേഷം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഈ വയലുകളൊക്കെ സ്വന്തമാക്കി. 26 ഓട്ടോ മൊബൈല്‍ കമ്പനികളാണ് ഇവിടെ ഇപ്പോഴുള്ളത്. മറ്റ് കെട്ടിടങ്ങള്‍ വേറെയും. 1500 ഏക്കറുകളിലായി വ്യാപിച്ച് കിടന്നിരുന്ന വയലാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. ചിലയിടങ്ങളില്‍ 2011 വരെ കൃഷിയുണ്ടായിരുന്നു.
തരിശ് രഹിത തൃശൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയ വയല്‍ പോലും കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു.

ഈ പ്രദേശത്ത് തന്നെ കോര്‍പ്പറേഷന്‍ മൊബിലിറ്റി ഹബ് നിര്‍മാണത്തിന് ശ്രമിക്കുന്നതായും പറയുന്നു. ഇവിടെയുള്ള സ്ഥാപനങ്ങളുടെ മാലിന്യം ഈ പ്രദേശങ്ങളിലെ കുടിവെള്ള പദ്ധതിക്ക് ആശ്രയിക്കുന്ന പുഴയിലേക്കെത്തുന്നതായും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സര്‍വേയില്‍ കണ്ടെത്തലുകളുണ്ട്.