LiveTV

Live

Kerala

പൊലീസുകാരെ മര്യാദ പഠിപ്പിക്കാനുള്ള പരിശീലനത്തിന് തുടക്കം

പൊലീസുകാരെ മര്യാദ പഠിപ്പിക്കാനുള്ള പരിശീലനത്തിന് തുടക്കം
Summary
വാഹന പരിശോധന നടത്തുന്നതിനിടെ യാത്രക്കാരെ പൊലീസ് മര്‍ദിക്കുന്നതായ സംഭവങ്ങള്‍

വാഹന പരിശോധന നടത്തുന്നതിന് പൊലീസുകാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് പരിശീലനം നടത്തുന്നത്. വാഹന പരിശോധന നടത്തുന്നതിനിടെ യാത്രക്കാരെ പൊലീസ് മര്‍ദിക്കുന്നതായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. രാവിലെ 11 മണി മുതലാണ് പരിശീലനം ആരംഭിച്ചത്.

ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, അമിത വേഗം എന്നിങ്ങനെയുള്ള ഗതാഗത നിയമലംഘനങ്ങളെ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്നും യാത്രക്കാരോട് എങ്ങനെ പെരുമാറുമെന്നുമുള്ള പരിശീലനമാണ് നല്‍കുക. യാത്രക്കാരുടെ ഭാഗത്ത്നിന്ന് നിയമലംഘനം ഉണ്ടായാല്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്നും പരിശീലിപ്പിക്കും. ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍, ഗ്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍, ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം പരിശീലനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡിജിപി സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.

വാഹനപരിശോധനക്കിടെ പൊലീസ് യാത്രക്കാരായ യുവാവിനെയും പൊതുപ്രവര്‍ത്തകനെയും മര്‍ദിച്ച തിരുവനന്തപുരത്തെ സംഭവമുള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. വളവുകളില്‍ നിന്ന് പരിശോധിക്കുക, വാഹനങ്ങള്‍ക്ക് മുന്നിലേക്ക് പൊലീസുകാര്‍ എടുത്തു ചാടുക തുടങ്ങി നിരവധി തെറ്റായ രീതികള്‍ പൊലീസ് ഇപ്പോഴും തുടരുന്നുണ്ട്. വാഹന പരിശോധന സംബന്ധിച്ച് ഡിജിപിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴും പൊലീസ് തെറ്റായ നടപടി ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര പ്രായോഗിക പരിശീലനം തന്നെ നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.