LiveTV

Live

Kerala

ഈരാറ്റുപേട്ടയിൽ യുവാക്കളെ അസഭ്യം പറഞ്ഞ എസ്.ഐക്കെതിരെ നടപടി

ഈരാറ്റുപേട്ടയിൽ യുവാക്കളെ അസഭ്യം പറഞ്ഞ എസ്.ഐക്കെതിരെ നടപടി
Summary
എസ്ഐയെ ഒരു മാസത്തെ നല്ല നടപ്പിനുള്ള നിർബന്ധ പരിശീലനത്തിനായി ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റി

ഈരാറ്റുപേട്ടയിൽ യുവാക്കളെ അസഭ്യം പറഞ്ഞ എസ്.ഐക്കെതിരെ നടപടി. എസ്ഐയെ ഒരു മാസത്തെ നല്ല നടപ്പിനുള്ള നിർബന്ധ പരിശീലനത്തിനായി ആംഡ് പൊലീസ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റി. കോട്ടയം എസ് പി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. എസ്.ഐ അസഭ്യം പറയുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എസ്.ഐയുടെ അസഭ്യം പറച്ചില്‍ വിവാദമായതോടെ എറണാകുളം റേഞ്ച് ഐജിക്ക് കോട്ടയം എസ് പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈരാറ്റുപേട്ട എസ്ഐ മഞ്ജു ദാസിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.

മഞ്ജുദാസിനെ നല്ല നടപ്പിനുള്ള നിർബന്ധിത പരിശീലനത്തിനായി ഒരു മാസത്തേക്ക് ആംഡ് പൊലീസ് ബറ്റാലിയന്‍ 4 ലേക്ക് സ്ഥലം മാറ്റാനാണ് ഉത്തരവ്. അവധിയില്ലാതെ ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. നേരത്തെ പാലാ ഡിവൈ.എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും കോട്ടയം എസ്പി മാറ്റി നിർത്തിയിരുന്നു.

സംഭവം നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്നതോടെയാണ് നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതരായത്. പെറ്റിക്കേസില്‍ പിടിച്ച യുവാക്കള്‍ക്ക് നേരെ ഈരാറ്റുപേട്ട ജനമൈത്രി സ്റ്റേഷനില്‍ വെച്ചായിരുന്നു എസ്.ഐ അസഭ്യവര്‍ഷം നടത്തിയത്. യുവാക്കൾ തന്നെ മൊബൈലിൽ പകർത്തിയ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.