LiveTV

Live

Kerala

ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം

ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം
Summary
കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍

ഫാറൂഖ് കോളേജിലെ അധ്യാപകൻ ജവഹർ മുനവ്വറിനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലൻ. അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്ന പരാമർശങ്ങൾ ജവഹർ മുനവറിന്റ ഭാഗത്തുനിന്നുണ്ടായെന്നും മന്ത്രി പറഞ്ഞു. കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കി നടപടി പുനഃപരിശോധിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു .

കോളേജിലെ അധ്യാപകൻ ജവഹർ മുനവ്വറിനെതിരെ കേസെടുത്ത് സംഭവം അഴീക്കോട് എം എൽ എ കെ എം ഷാജിയാണ് നിയമസഭയിൽ ഉന്നയിച്ചത്. അധ്യാപകന്റെ പേരിൽ കേസെടുത്തത് ജനാധിപത്യധ്വംസനം ആണെന്ന് കെഎം ഷാജി കുറ്റപ്പെടുത്തി.

ജവഹർ മുനവ്വര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം സംസാരിച്ചുവെന്നും കോളജിലെ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നും എ കെ ബാലൻ മറുപടി നൽകി. ജവഹര്‍ മുനവ്വറിനെതിരെ വകുപ്പ് തല അന്വേഷണം നടത്തും. ഇതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. ജവഹര്‍ മുനവര്‍ അധ്യാപക വൃത്തിയെ കളങ്കപ്പടുത്തുന്ന പ്രസ്താവന നടത്തിയെന്നും മന്ത്രി പറഞ്ഞു.

പൊതുസമൂഹത്തിൽ വിഷയം വലിയ ചർച്ചയായ സാഹചര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യം എന്ന പരിഗണന നൽകി നടപടി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. എന്നാൽ സർക്കാർ സ്വമേധയ നടപടി സ്വീകരിച്ചതെല്ലന്നും പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നും എ കെ ബാലൻ മറുപടി നൽകി.