LiveTV

Live

Kerala

ഇനിയും വികസനമെത്താതെ വളന്തക്കാട് ദ്വീപ്

ഇനിയും വികസനമെത്താതെ വളന്തക്കാട് ദ്വീപ്
Summary
പാലം വേണമെന്ന ദ്വീപ് നിവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

വികസനം തിരിഞ്ഞ് നോക്കാത്തതിനാല്‍ ദുരിതത്തില്‍ കഴിയുകയാണ് കൊച്ചി നഗരത്തില്‍ നിന്ന് 9 കിലോമീറ്റര്‍ മാത്രം അകലെയുള്ള വളന്തക്കാട് ദ്വീപ് നിവാസികള്‍. ദലിത് വിഭാഗത്തില്‍പ്പെട്ട 44 കുടുംബങ്ങള്‍ മാത്രമാണ് ഈ ദ്വീപില്‍ താമസിക്കുന്നത്. മൂന്നൂറ് ഏക്കറിലധികം വരുന്ന ദ്വീപിന്റെ ഭൂരിഭാഗവും ബാംഗ്ലൂര്‍ ആസ്ഥാനമായ ശോഭ ഗ്രൂപ്പ് വാങ്ങിക്കൂട്ടിയിരിക്കുകയാണ്.

രാവിലെയും വൈകുന്നേരവും ഈ ദ്വീപിലെ വിദ്യാര്‍ഥികള്‍ വള്ളം തുഴഞ്ഞാണ് വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പോകുന്നത്. ആര്‍ക്കെങ്കിലും രോഗം പിടിപെട്ടാലും ഇങ്ങനെ വേണം മറുകരയെത്താന്‍. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രമല്ലാതെ ഒരു പെട്ടിക്കട പോലും ഈ ദ്വീപിലില്ല. പാലം വേണമെന്ന ദ്വീപ് നിവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ അവഗണന മാത്രമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

മൂന്നൂറ് ഏക്കറില്‍ അധികം വരുന്ന ജൈവവൈവിധ്യ മേഖല കൂടിയായ ദ്വീപിന്റെ 70 ശതമാനവും ശോഭ ഗ്രൂപ്പ് വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ശോഭ ഗ്രൂപ്പിന് സ്ഥലം വില്‍ക്കാന്‍ തയ്യാറാകാത്തവര്‍ മാത്രമാണ് ദ്വീപില്‍ ശേഷിക്കുന്നത്. പാലം പണിയുന്നതിനായി വന്ന പദ്ധതികളില്‍ പലതും ഇല്ലാതായത് വ്യവസായ ഗ്രൂപ്പിന്റെ ഇടപെടല്‍ കൊണ്ടാണെന്ന ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പാലം വരാനുള്ള പദ്ധതികളിലൊന്നും ഇടപെട്ടിട്ടില്ലെന്നാണ് ശോഭാഗ്രൂപ്പിന്റെ വിശദീകരണം.