LiveTV

Live

Kerala

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
Summary
ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിനും റവന്യൂ - ഫിഷറീസ് വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്യാകുമാരിക്ക് തെക്ക് ന്യൂനമര്‍ദം അനുഭവപ്പെടുന്നതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കന്യാകുമാരി, തിരുവനന്തപുരം, ലക്ഷദ്വീപ്, ശ്രീലങ്ക തീരങ്ങളിലേക്കാകും ന്യൂനമര്‍ദം നീങ്ങുക. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിനും റവന്യൂ - ഫിഷറീസ് വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തിപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കാറ്റിന്‍റെ വേഗം 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെയാകും. ശക്തമായ കാറ്റിനൊപ്പം 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്.

ന്യൂനമര്‍ദ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, ലക്ഷദ്വീപ്, ശ്രീലങ്ക തീരപ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. തീരമേഖലയിൽ ജാഗ്രത പുലർത്താൻ റവന്യൂ, ഫിഷറീസ് വകുപ്പുകൾക്കും കോസ്റ്റൽ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.