LiveTV

Live

Kerala

കെഎം മാണിയെ കടന്നാക്രമിച്ച് സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ട്

കെഎം മാണിയെ കടന്നാക്രമിച്ച് സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ട്
Summary
കെഎം മാണിക്കെതിരെ പുറത്ത് പറഞ്ഞിരുന്ന കാര്യങ്ങള്‍ സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയാണ് കാനം അവതരിപ്പിച്ചിരിക്കുന്നത്...

കെ എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നത് മുന്നണിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നു സിപിഐ. പിജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോളും ന്യൂനപക്ഷ വോട്ടില്‍ ഗുണമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎമ്മിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

കെഎം മാണിക്കെതിരെ പുറത്ത് പറഞ്ഞിരുന്ന കാര്യങ്ങള്‍ സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയാണ് കാനം അവതരിപ്പിച്ചിരിക്കുന്നത്. അവസരവാദികളേയും, അഴിമതിക്കാരേയും ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാമെന്ന വ്യാമോഹം വിപരീത ഫലം ഉണ്ടാക്കും. നേരത്തെ പൊന്നാനിയില്‍ മദനിയുമായി ഐക്യമുണ്ടാക്കിയത് ന്യൂനപക്ഷ വോട്ടുകള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് കണക്ക് കൂട്ടിയായിരുന്നു. അതിനെ അന്ന് തന്നെ സിപിഐ എതിര്‍ത്തു. അന്നത്തെ പാര്‍ട്ടി നിലപാടിനൊപ്പമായിരുന്നു പൊതു അഭിപ്രായമെന്നും റിപ്പോര്‍ട്ട് ഓര്‍പ്പെടുത്തുന്നു. ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പുകളെന്നും സിപിഐ പറയുന്നുണ്ട്. അതിനിടെ കെഎം മാണിക്കെതിരായ നിലപാട് ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍ രംഗത്ത് വന്നു.

സിപിഎമ്മിനെതിരേയും പരോക്ഷ വിമര്‍ശനങ്ങളുണ്ട്. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്, ആരും ആരുടേയും മുകളിലല്ല, മുന്നണിയെ കെട്ടുറപ്പോടെ കൊണ്ടു പോകേണ്ടത് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്നും സി പി എമ്മിനെ സിപിഐ ഓര്‍പ്പെടുത്തുന്നുണ്ട്. സീറ്റ് പിടിച്ചെടുത്ത സാഹചര്യത്തിലാണ് ആഎസ്പിയും ജനതാദളും മുന്നണി വിട്ട് പോയത്. ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിക്കുമ്പോള്‍ മുന്നണി ദുര്‍ബലമാകുമെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ സിപിഎമ്മുമായി ചില കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.