LiveTV

Live

Kerala

ആദിവാസി പുനരധിവാസ വികസന മിഷന്‍ പാളി

ആദിവാസി പുനരധിവാസ വികസന മിഷന്‍ പാളി
Summary
പദ്ധതി തുടങ്ങി 17 വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്തത് ആദിവാസികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്.

പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി രൂപീകരിച്ച ആദിവാസി പുനരധിവാസ വികസന മിഷന്‍ പാളി. പദ്ധതി തുടങ്ങി 17 വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്തത് ആദിവാസികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. ആദിവാസികളുടെ പുനരധിവാസം ഉറപ്പുവരുത്താന്‍ പോലും സംസ്ഥാന സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

2001ലാണ് സംസ്ഥാന സര്‍ക്കാര്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ രൂപീകരിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുക, ഇവരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുക, പട്ടിക വര്‍ഗ പ്രദേശങ്ങള്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ 7 ലക്ഷ്യങ്ങളാണ് അന്ന് നിശ്ചയിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്യാനായി 53472 കുടുംബങ്ങളുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കി. എന്നാല്‍ ഒന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും 7719 കുടുംബങ്ങള്‍ക്കായി 9737 ഏക്കര്‍ ഭൂമി മാത്രമാണ് വിതരണം ചെയ്തത്. അതായത് ഭൂരഹിതരില്‍ പകുതി പേര്‍ക്ക് പോലും ഭൂമി ലഭിച്ചില്ല.

പട്ടയം ലഭിച്ച പലര്‍ക്കും ഭൂമി ലഭിക്കാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിക്ഷിപ്ത വനഭൂമി പതിച്ചു നല്‍കിയവര്‍ക്കാകട്ടെ പട്ടയം നല്‍കിയിട്ടുമില്ല. ഭൂരഹിതര്‍ക്ക് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ പല ജില്ലകളിലും ഒരേക്കറില്‍ കുറഞ്ഞ ഭൂമി മാത്രമാണ് ലഭിച്ചത്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഈ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നടപടിയുണ്ടാകണമെന്ന ആവശ്യമാണ് ആദിവാസികള്‍ മുന്നോട്ടുവെക്കുന്നത്.