LiveTV

Live

Kerala

10 വര്‍ഷത്തിനിടെ കേന്ദ്രവിഹിതം 100 കോടി; ആദിവാസിക്ഷേമത്തിനായി അനുവദിക്കുന്ന തുക പോകുന്നതെങ്ങോട്ട്?

10 വര്‍ഷത്തിനിടെ കേന്ദ്രവിഹിതം 100 കോടി;  ആദിവാസിക്ഷേമത്തിനായി അനുവദിക്കുന്ന തുക പോകുന്നതെങ്ങോട്ട്?
Summary
അനുവദിച്ച തുക ആദിവാസി ഊരുകളിലെ വികസനത്തിന് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവിന്‍റെ കൊലപാതകം ഉള്‍പ്പെയുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദിവാസി ക്ഷേമ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത് 100 കോടി 18 ലക്ഷം രൂപയാണ്. 2016-17 സാമ്പത്തിക വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. എന്നാല്‍ അനുവദിച്ച തുക ആദിവാസി ഊരുകളിലെ വികസനത്തിന് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവിന്‍റെ കൊലപാതകം ഉള്‍പ്പെയുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ആദിവാസി ക്ഷേമത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള ‌വിഹിതം, കേന്ദ്രത്തിന്റെ പ്രത്യേക പദ്ധതികള്‍ എന്നീ വിഭാഗങ്ങളിലാണ് 100 കോടി 18 ലക്ഷം രൂപ സംസ്ഥാനത്തിന് അനുവദിച്ചത്. സംസ്ഥാന വിഹിതമായി 52 കോടി 87 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ കേന്ദ്ര പദ്ധതി ഇനത്തില്‍ 57 കോടി 30 ലക്ഷം രൂപയും സംസ്ഥാനത്തെത്തി. 2016-17 സാമ്പത്തിക വര്‍ഷമാണ് ആദിവാസി ക്ഷേമത്തിന് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 15 കോടി 3 ലക്ഷം രൂപ. 2015-16 സാമ്പത്തിക വര്‍ഷം ഇത് 14 കോടി 42 ലക്ഷം രൂപയായിരുന്നു. 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 10 കോടി 30 ലക്ഷത്തിലധികം രൂപ‌ ലഭിച്ചു.

സ്വയം തൊഴില്‍ കണ്ടെത്താനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 15 കോടി രൂപ കേരളത്തിന് അനുവദിച്ചു. പാലക്കാട് അഗളിയിലടക്കം മൂന്ന് സ്ഥലങ്ങളില്‍ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ഈ സാമ്പത്തിക വര്‍ഷം 3 കോടി രൂപ നല്‍കിയിട്ടുണ്ട്. അട്ടപ്പാടിയില്‍ പുതിയ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കാന്‍ 4 കോടി രൂപയും നല്‍കി. ഓരോ വര്‍ഷവും ആദിവാസി ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്ന തുക വര്‍ധിക്കുന്നുമുണ്ട്. ഈ തുക പൂര്‍ണമായി ആദിവാസികളിലേക്ക് എത്തുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ആദിവാസി മേഖലകളിലെ സംഭവങ്ങള്‍.