LiveTV

Live

Kerala

ഉണങ്ങാത്ത മുറിവായി മധുവിന് വിട

ഉണങ്ങാത്ത മുറിവായി മധുവിന് വിട
Summary
ചിണ്ടക്ക ഊരിന് സമീപത്തുള്ള ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ട് അഗളിയിലെത്തിച്ച മധുവിന്റെ മൃതദേഹം സമരപ്പന്തലിനടുത്ത് വെച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. ചിണ്ടക്ക ഊരിന് സമീപത്തുള്ള ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും വഴി നിരവധി തവണ പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തി വന്ന സമരം ആദിവാസി സംരക്ഷണ സമിതി അവസാനിപ്പിച്ചത്. ഒരു മണിയോടെ തൃശൂരില്‍ നിന്ന് തിരിച്ച മധുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് നാല് മണിയോടെയാണ് അഗളിയിലെത്തിയത്. സമരപ്പന്തലില്‍ അമ്മയും സഹോദരിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് വീട്ടിലേക്ക്. അന്ത്യ യാത്രയില്‍ നിരവധി തവണ ആംബുലന്‍സ് സമരക്കാര്‍ തന്നെ തടഞ്ഞ് റോഡ് ഉപരോധിച്ചു. പ്രതിഷേധം കനത്തപ്പോള്‍ വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടു. പ്രതികളെ പിടികൂടുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരക്കാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്. വീട്ടിലെത്തിച്ച മൃതദേഹം ആറര മണിയോടെ ചിണ്ടക്ക ഊരിന് സമീപത്തെ ശ്മശാനത്തില്‍ സംസ്കരിച്ചു. മുഴുവന്‍ പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ് ആദിവാസി സംരക്ഷണ സമിതി അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചത്.