LiveTV

Live

Kerala

കാന്‍സര്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കുന്നില്ല

കാന്‍സര്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കുന്നില്ല
Summary
കാരുണ്യ, സുകൃതം സഹായ പദ്ധതികള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് ഒന്നരമാസമായി ലഭിക്കുന്നില്ല; ആര്‍സിസിയില്‍ ഇല്ലാത്ത മരുന്നുകള്‍ രോഗികൾ വാങ്ങുന്നത് വലിയ വില കൊടുത്ത്

സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കാതെ കാന്‍സര്‍ രോഗികള്‍ വലയുന്നു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ കാരുണ്യ, സുകൃതം തുടങ്ങിയ സഹായ പദ്ധതികള്‍ ഒന്നരമാസമായി ലഭിക്കുന്നില്ലെന്ന് രോഗികള്‍ പറയുന്നു. പദ്ധതികള്‍ മുടങ്ങിയതോടെ ആര്‍സിസിയില്‍ ഇല്ലാത്ത മരുന്നുകള്‍ വലിയ വില കൊടുത്താണ് രോഗികള്‍ പുറത്തു നിന്ന് വാങ്ങുന്നത്.

കാന്‍സര്‍ രോഗികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സുകൃതം, കാരുണ്യ, ആര്‍എസ്ബിവൈ, ബിപിഎല്‍ രോഗികള്‍ക്കുള്ള സഹായം ഉള്‍പ്പെടെ എല്ലാ ചികിത്സാ പദ്ധതികളും ആര്‍സിസിയില്‍ ഒന്നരമാസമായി മുടങ്ങിയിരിക്കുകയാണ്. ചിസ് പ്ലസ് മാത്രമാണ് ലഭിക്കുന്നത്.

ആര്‍സിസിയില്‍ ഇല്ലാത്ത മരുന്നുകള്‍ക്കായി എസ്എടി ഡ്രഗ് ബാങ്ക്, കാരുണ്യ ഫാര്‍മസി, മെഡിക്കല്‍ കോളജിലെ പേയിങ് കൌണ്ടര്‍ എന്നിവയെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ചികിത്സാ സഹായപദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ ഫാര്‍മസികളില്‍ നിന്ന് സൌജന്യമായി മരുന്ന് വാങ്ങാനുള്ള സൌകര്യവും പദ്ധതികള്‍ നിലച്ചതോടെ ഇല്ലാതായി. ഇതോടെ കാശില്ലാത്തവര്‍ക്ക് മരുന്നില്ലെന്ന അവസ്ഥയാണുള്ളത്.

ആര്‍സിസിയ്ക്ക് ചുറ്റുമുള്ള സര്‍ക്കാര്‍ ന്യായവില മരുന്ന് ഷോപ്പുകളില്‍ നിന്ന് ഓരോ മാസവും പത്ത് ലക്ഷത്തിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകളാണ് ചികിത്സാ സഹായ പദ്ധതികള്‍ വഴി വിറ്റുപോയിരുന്നത്. എന്നാല്‍ ജനുവരി -ഫെബ്രുവരി മാസത്തില്‍ പദ്ധതികള്‍ വഴിയുള്ള വില്‍പന നടന്നിട്ടില്ല. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാനുണ്ടെങ്കിലും പദ്ധതികള്‍ നിറുത്തിയിട്ടില്ലെന്നാണ് ആര്‍സിസിയുടെ വിശദീകരണം.