LiveTV

Live

Kerala

തമിഴ്‍നാട്ടില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂണിറ്റുമായി ഒരു മലയാളി

 തമിഴ്‍നാട്ടില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂണിറ്റുമായി ഒരു മലയാളി
Summary
നാലുപതിറ്റാണ്ടായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് ചാലിയം സ്വദേശി പി.ടി. അലിയാണ് ചെന്നൈ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ എന്ന പേരില്‍ യൂണിറ്റ് ആരംഭിച്ചത്

സാന്ത്വന പരിചരണം തമിഴ്നാട്ടില്‍ വേരുപിടിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഒരു മലയാളി. നാലുപതിറ്റാണ്ടായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് ചാലിയം സ്വദേശി പി.ടി. അലിയാണ് ചെന്നൈ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ എന്ന പേരില്‍ യൂണിറ്റ് ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനിടയ്ക്ക് നിരവധി രോഗികള്‍ക്ക് സാന്ത്വന ചികിത്സ നല്‍കാന്‍ യൂണിറ്റിന് സാധിച്ചു.

കേരളത്തെ പോലയല്ല, തമിഴ്നാട്ടില്‍. സാന്ത്വന ചികിത്സയെ കുറിച്ച് കാര്യമായ അറിവില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വാര്‍ഡുകള്‍ പോലും ആരെയും എത്തിയ്ക്കാനോ പരിചരണം നല്‍കാനോ ഉള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സാന്ത്വന ചികിത്സ യൂണിറ്റുകളുടെ മാതൃക തമിഴ്നാട്ടില്‍ വ്യാപിപ്പിയ്ക്കാന്‍ പി.ടി. അലി ശ്രമങ്ങള്‍ ആരംഭിച്ചത്.

നാലുവര്‍ഷം മുന്‍പു തുടങ്ങിയ യൂണിറ്റില്‍ ഇപ്പോള്‍ 45 വളണ്ടിയര്‍മാരുണ്ട്. 350 രോഗികള്‍ക്ക് വീടുകളിലെത്തി സാന്ത്വനം നല്‍കുന്നു. കൂടാതെ, റെഡ് ഹില്ലില്‍ ഒരു ട്രസ്റ്റ് നല്‍കിയ കെട്ടിടത്തില്‍ ആരംഭിച്ച അഭയം ആശുപത്രിയില്‍ നാല്‍പത് പേരെ കിടത്തി ചികിത്സിയ്ക്കാനുള്ള സജീകരണങ്ങളും ഒരുക്കി. സമാന മനസ്കരായ ആളുകളില്‍ നിന്നും ലഭിയ്ക്കുന്ന സംഭാവനകള്‍ വഴിയാണ് യൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നത്. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ചെറിയ ചില സഹായങ്ങള്‍ ഇപ്പോള്‍ ലഭിച്ചു തുടങ്ങി.

വളണ്ടിയര്‍മാരെ ലഭിയ്ക്കാത്തതാണ് യൂണിറ്റ് നേരിടുന്ന വലിയ പ്രതിസന്ധി. തമിഴ്നാട്ടില്‍ ഇതുമായി സഹകരിയ്ക്കാന്‍ ആരും തയ്യാറാകാത്തതാണ് പ്രശ്നം. കൂടുതല്‍ പ്രചാരണം നടത്തി, താല്‍പര്യമുള്ളവരെ കണ്ടെത്തുകയെന്നതാണ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. അതുവഴി കൂടുതല്‍ പേരിലേയ്ക്ക് സാന്ത്വന ചികിത്സ എത്തിയ്ക്കാനുള്ള ശ്രമങ്ങളും.