LiveTV

Live

Kerala

കൊച്ചിയിൽ യുവാവ് ലോഡ്ജിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ സംഭവം; വാര്‍ത്തകള്‍ തെറ്റെന്ന് ദൃക്‍സാക്ഷികള്‍

Summary
കൊച്ചിയില്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് അര മണിക്കൂറോളം രക്തം വാർന്ന് കിടന്നയാളെ തിരിഞ്ഞ് നോക്കാൻ പോലും ആൾകൂട്ടം തയ്യാറായില്ലെന്നായിരുന്നു വാര്‍‍ത്തകള്‍

കൊച്ചിയിൽ ലോഡ്ജിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റയാളെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാര്‍ത്ത തെറ്റെന്ന് ദൃക്സാക്ഷികള്‍. അപകടത്തില്‍പെട്ടയാളെ രക്ഷിക്കാന്‍ ഇടപെട്ടത് അഭിഭാഷക മാത്രമാണെന്ന വാദം തെറ്റാണെന്ന്, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ നിരത്തി ഇവര്‍ പറയുന്നു. അപകടം നടന്ന് മിനിറ്റുകള്‍ക്കം പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ മീഡിയവണിനോട് പറഞ്ഞു.

കൊച്ചിയില്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് അര മണിക്കൂറോളം രക്തം വാർന്ന് കിടന്നയാളെ തിരിഞ്ഞ് നോക്കാൻ പോലും ആൾകൂട്ടം തയ്യാറായില്ലെന്നായിരുന്നു വാര്‍‍ത്തകള്‍. എന്നാല്‍ ഇത് തെറ്റാണെന്ന് ദൃക്സാക്ഷികളും അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ നേതൃത്വം വഹിവച്ചരും പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തവുമാണ്. അപകടം നടന്ന് 9 മിനിറ്റിനകം തന്നെ പരിക്കേറ്റ സജിയെ കാറില്‍ കയറ്റാനായി.

അപകടം നടന്നയുടനെ സ്ഥലത്തുണ്ടായിരുന്ന കൂടുതല്‍ പേര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തം. അപകടത്തിന്റെ ആദ്യ അങ്കലാപ്പില്‍ നിന്ന് മുക്തമായ ഉടനെ ഇടപെട്ടുവെന്ന് സജിയെ രക്ഷിക്കാന്‍ ഇടപെട്ട ഷൈന്‍ ഫിലിപ്പും ഷംനാദും പറയുന്നു. കൊച്ചിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജൂഡി ഫെർണാണ്ടസും, ഭർത്താവ് ചാൾസ് ഫെർണാണ്ടസുമാണ് തിരക്കേറിയ റോഡിലൂടെ സ്വകാര്യ ആശുപത്രിയിൽ സജിയെ എത്തിച്ചത്.

ആദ്യം സജിയെ കൊണ്ടുപോയ സ്വകാര്യ ആശുപത്രിയിൽ നിന്ന് കാര്യമായ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് ജനറൽ ആശുപത്രിയിലെത്തിയ ശേഷമാണ് മതിയായ ചികിത്സ കിട്ടിയതെന്നും ഇവർ പറയുന്നു. ചിലർ അപകടം കണ്ട് മാറി പോയത് സത്യമാണെങ്കിലും അഭിഭാഷകയൊഴികെ സജിയെ രക്ഷിക്കാന്‍ മറ്റാരും മുന്‍കയ്യെടുത്തില്ലന്ന പ്രചരണം തെറ്റാണെന്നും ഇവര്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ വസ്തുത മനസിലാകുമെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കി.