LiveTV

Live

Kerala

പാലക്കാട് മന്തുരോഗം വ്യാപകമാകുന്നു

പാലക്കാട് മന്തുരോഗം വ്യാപകമാകുന്നു
Summary
രോഗബാധയുള്ളവരിലെല്ലാം കാലിലാവണമെന്നില്ല രോഗം ദൃശ്യമാവുക

പാലക്കാട് ജില്ലയില്‍ മന്തുരോഗം വ്യാപകമാകുന്നു. ആലത്തൂരില്‍ നടത്തിയ രക്തപരിശോനയില്‍ അഞ്ചു പേരെ രോഗവാഹകരാണെന്ന് കണ്ടെത്തി. 2008ന് ശേഷം രോഗബാധ വര്‍ധിക്കുന്നത് ഇതാദ്യമാണ്.

പാലക്കാട് മന്തുരോഗം വ്യാപകമാകുന്നു

പാലക്കാട് നഗരസഭയും അതോട് ചേര്‍ന്ന് കിടക്കുന്ന പതിനഞ്ച് പഞ്ചായത്തുകളും മന്ത് രോഗഭീഷണിയുള്ളതാണ്. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി ഇത് നിയന്ത്രണ വിധേയമായിരുന്നു. കഴിഞ്ഞ ദിവസം ആലത്തൂരില്‍ നടത്തിയ ദ്രുത രക്ത പരിശോധനയിലാണ് അഞ്ച് പേര്‍ രോഗവാഹകരാണെന്ന് കണ്ടെത്തിയത്. 195 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.

കേരളത്തില്‍ ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം മന്തുരോഗികളുള്ളത്. എന്നാല്‍, പുതിയ രോഗബാധയേല്‍ക്കുന്നവരില്‍ കൂടുതല്‍ പാലക്കാട് ജില്ലയിലാണ്. പരിസര ശുചിത്വമില്ലായ്മ മൂലം കൊതുകുകള്‍ വ്യാപിക്കുന്നതാണ് തീരദേശ ജില്ലയല്ലാഞ്ഞിട്ടും പാലക്കാട് രോഗബാധ വര്‍ധിക്കാന്‍ കാരണം.

രോഗബാധയുള്ളവരിലെല്ലാം കാലിലാവണമെന്നില്ല രോഗം ദൃശ്യമാവുക. മണിവീക്കം പോലുള്ള രോഗത്തിനുള്ള പ്രധാനകാരണം മന്തുബാധയാണ്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മാത്രം പ്രതിമാസം നൂറുപേരെങ്കിലും മണിവീക്കത്തിനായുള്ള ശസ്ത്രക്രിയക്ക് വിധേയരാവുന്നുണ്ടെന്നാണ് കണക്ക്.