LiveTV

Live

Kerala

നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍‍കിയ ഐഎന്‍ടിയുസി ഓഫീസിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം

Summary
നിയമലംഘനം ആലപ്പുഴ നഗരസഭാ ഭരണസമിതിയുടെ പിന്തുണയോടെ

അനധികൃത കെട്ടിട നിര്‍മാണം വിവാദമായതിനെത്തുടര്‍ന്ന് ആലപ്പുഴ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍‍കിയിരുന്ന ഐ എന്‍ ടി യു സി ഓഫീസിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം. നിയമവിധേയമല്ലാത്ത പഴയ കെട്ടിടങ്ങള്‍ നിയമവിധേയമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടു പിടിച്ചാണ് കെട്ടിട നിര്‍മാണം പുനരാരംഭിക്കാന്‍ നീക്കം നടത്തുന്നത്.

വഴിച്ചേരിയില്‍ പാലത്തിനടുത്തുള്ള കവലയില്‍ റോഡിന് ചേര്‍ന്നുള്ള ഐ എന്‍ ടി യു സി ഓഫീസ് നിലവിലുള്ള ഘടന നില നിര്‍ത്തിക്കൊണ്ടു തന്നെ പുതുക്കിപ്പണിയാന്‍ അപേക്ഷ നല്‍‍കിയതിനെത്തുടര്‍ന്ന് ആലപ്പുഴ നഗരസഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ അനധികൃത നിര്‍മാണം നടത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭയ്ക്കു തന്നെ സ്റ്റോപ്പ് മെമ്മോ നല്‍കേണ്ടി വന്നു.

എന്നാല്‍ പഴയ അനധികൃത കെട്ടിടങ്ങള്‍ അധികൃതമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ മറവില്‍ പുതിയ കെട്ടിട നിര്‍മാണം പുനരാരംഭിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. നഗരസഭാ ഭരണസമിതിയുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്.

ആലപ്പുഴയില്‍ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ സമീപകാലത്ത് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഐഎന്‍ടിയുസിയുടെ ഓഫീസ് കെട്ടിടം തന്നെ ഇത്തരത്തില്‍ നിയമം ലംഘിച്ച് നിര്‍മിക്കുന്നതിനെതിരെ പലരും വിജിലന്‍സ് അന്വേഷണമുള്‍പ്പെടെ ആവശ്യപ്പെട്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്.