LiveTV

Live

Kerala

സ്വകാര്യ ആശുപത്രിയുടെ പിഴവ് മൂലം ദുരിതക്കിടക്കയിലായ യുവാവ് കനിവ് തേടുന്നു

Summary
തലയിലേക്കുള്ള ഞരമ്പിലുണ്ടായ തകരാറാണ് സനു എന്ന ഇരുപത്തിമൂന്നുകാരെ കിടക്കയിലാക്കിയത്.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ ചികില്‍സാപിഴവ് മൂലം ദുരിതക്കിടക്കയിലായ യുവാവ് കനിവ് തേടുന്നു. ഇടുക്കി രാമക്കല്‍മേട് സ്വദേശി സനുവാണ് രണ്ട് വര്‍ഷത്തോളമായി നാഡിവ്യൂഹത്തിന് ഗുരുതര തകരാറുമായി കിടക്കയില്‍ കഴിയുന്നത്.

തലയിലേക്കുള്ള ഞരമ്പിലുണ്ടായ തകരാറാണ് സനു എന്ന ഇരുപത്തിമൂന്നുകാരെ കിടക്കയിലാക്കിയത്. ഡ്രൈവറായി ജോലി നോക്കിയിരുന്ന സനുവിന് 2015 നവംബറിലാണ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തലചുറ്റലുണ്ടായത്. കട്ടപ്പനയിലെ സ്വാകാര്യ ആശുപത്രിയിലാണ് ചികില്‍സതേടിയത്. എന്നാല്‍ നാലുമണിക്കൂറോളം രോഗം നിര്‍ണയിക്കാതെ ആശുപത്രി അധികൃതര്‍ ചികില്‍സ വൈകിപ്പിച്ചതാണ് സനുവിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് രക്ഷകര്‍ത്താവ് പറയുന്നു. പിന്നീട് സനുവിനെ ചികില്‍സിച്ച ആശുപത്രികളില്‍നിന്ന് ഡോക്ടര്‍മാര്‍ ഇത് വ്യക്തമാക്കിയിരുന്നതായും പിതാവ് സണ്ണി ജോണ്‍ പറയുന്നു.

24 മാസത്തെ ആശുപത്രിവാസമുള്‍പ്പടെ ചികില്‍സ തുടര്‍ന്നപ്പോള്‍ 50 ലക്ഷം രൂപയിലേറെ ചിലവായെങ്കിലും സനുവിന് ഇതുവരെ സംസാരശേഷിയോ, ചലനശേഷിയോ വീണ്ടെടുക്കാനായിട്ടില്ല. ഇനിയും ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ ഒരുപക്ഷേ സനു ജീവിതത്തിലേക്ക് മടങ്ങിയെത്തിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും പാര്‍പ്പിടവും വിറ്റാണ് ചികില്‍സ തുടരുന്നത്. യൌവനത്തില്‍ കൈവിട്ടുപോയ ഈ ജീവിതം തിരികെ നിറമുള്ളതാക്കാന്‍ സന്മനസുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം.