LiveTV

Live

Kerala

ചൂരക്കോടുകാര്‍ക്ക് ഭീഷണിയായി ഭീമന്‍‌ പാറമട

ചൂരക്കോടുകാര്‍ക്ക് ഭീഷണിയായി ഭീമന്‍‌ പാറമട
Summary
ആഴത്തില്‍ ഖനനവും ജലചൂഷണവും മലിനീകരണവുമെന്ന് നാട്ടുകാര്‍

പട്ടാമ്പി വല്ലപ്പുഴ പഞ്ചായത്തിലെ ചൂരക്കോട് നാട്ടുകാര്‍ക്ക് ഭീഷണിയായി ഭീമന്‍‌ പാറമട. മൈനിങ് ആന്‍ഡ് ജിയോളജി മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി 150 മീറ്ററോളം ആഴത്തിലാണ് പാറ ഖനനം നടക്കുന്നത്. പാറമടയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള എം സാന്‍ഡ് നിര്‍മാണ പ്ലാന്റ് ജലചൂഷണവും മലിനീകരണവും നടത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

വല്ലപ്പുഴ പഞ്ചായത്തിന്റെയും ഓങ്ങല്ലൂര്‍ പഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശമായ ചൂരക്കോടാണ് ജെ ആന്‍ഡ് പി ഗ്രാനൈറ്റ്സ് എന്ന ഈ പാറമട സ്ഥിതി ചെയ്യുന്നത്. 2015ലെ ഖനന ചട്ടമനുസരിച്ച് ആറ് മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ ഖനനം പാടില്ല. കരിങ്കല്‍ ഖനനം ആറ് മീറ്ററില്‍ കൂടുതലാണെങ്കില്‍ ചരിഞ്ഞ പ്രതലത്തിലും ഇടക്ക് തട്ടുകള്‍ തീര്‍ത്തുമായിരിക്കണമെന്ന് ചട്ടം പറയുന്നു. എന്നാല്‍, ചൂരക്കോട് നടക്കുന്നത് നഗ്നമായ നിയമലംഘനമാണ്.

150 മീറ്ററിലധികമാണ് ഇവിടെ പാറമടയുടെ ആഴം. അതും ചെങ്കുത്തായി തന്നെ ഖനനം നടത്തിയിരിക്കുന്നു. പാറമടയോട് ചേര്‍ന്നുള്ള എം സാന്‍ഡ് നിര്‍മാണ പ്ലാന്റിനായി ജലചൂഷണവും നടത്തുന്നതായി പരാതിയുണ്ട്. എംസാന്‍ഡ് നിര്‍മാണത്തെ തുടര്‍ന്ന് പുറത്തേക്ക് വിടുന്ന മലിനജലം തൊട്ടടുത്ത പാടശേഖരത്തിലെ കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്.

പാറമടയുടെ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പാറമടയുടമകള്‍ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.